ഇടുക്കിയിൽ പൊടിപാറും..റോഷി അഗസ്റ്റിനെ തളയ്ക്കാനുറച്ച് യുഡിഎഫ്..ഫ്രാൻസിസ് ജോർജ് ഇറങ്ങും..കോട്ട തുണയ്ക്കും?
ഇടുക്കി; കേരള കോൺഗ്രസിന്റേയും കോൺഗ്രസിന്റേയും ശക്തി കേന്ദ്രമാണ് ഇടുക്കി.ജോസ് കെ മാണി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയതോടെ ഇത്തവണ ഇടുക്കിയിൽ കാറ്റ് എങ്ങോട്ട് വീശുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
സിറ്റിംഗ് മണ്ഡലം നിലനിർത്താൻ ഇത്തവണയും റോഷി അഗസ്റ്റിൻ തന്നെയാണ് സ്ഥാനാർത്ഥിയാവുക റോഷിയിലൂടെ മണ്ഡലം ചുവപ്പണിയുമെന്നാണ് ഇടതുപ്രതീക്ഷ. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളിൽ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഇത്തവണ എന്തുസംഭവിച്ചാലും മണ്ഡലം എൽഡിഎഫിന് നൽകില്ലെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

ഒരിക്കൽ മാത്രം
തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന അറക്കുളം, ഇടുക്കി - കഞ്ഞിക്കുഴി, വാഴത്തോപ്പ്, കുടയത്തൂർ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ കാമാക്ഷി, കാഞ്ചിയാർ, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും കട്ടപ്പന മുനിസിപാലിറ്റിയും ഉൾപ്പെടുന്നതാണ് ഇടുക്കി നിയമസഭാ മണ്ഡലം. കേരള കോൺഗ്രസിന്റെ ഉറച്ച് കോട്ട ഒരിക്കൽ മാത്രമാണ ചുവപ്പണിഞ്ഞത്, 1996 ൽ.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ
അന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ പിപി സുലൈമാൻ റാവുത്തറയാിരുന്നു മണ്ഡലം പിടിച്ചത്. 2021 ലും ഇടുക്കിയിൽ ഇടതുപക്ഷം മുന്നേറുമോയെന്നതാണ് ചർച്ച. ഇടതു പാളയം ചേർന്ന റോഷി അഗസ്റ്റിൻ മണ്ഡലം പിടിക്കാനുള്ള സജീവ പോരാട്ടത്തിലാണ്. ഒരു മുഴം മുൻപേ തന്നെ എറിഞ്ഞ് റോഷി തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ആദ്യ വിജയം
കേരള കോൺഗ്രസിൻറെ കുത്തക കോട്ടയിൽ
2001 മുതലാണ് യുഡിഎഫിന് വേണ്ടി ജോസ് വിഭാഗം നേതാവായ റോഷി അഗസ്റ്റിൻ വിജയിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ 13,719 വോട്ടായിരുന്നു മണ്ഡലത്തിൽ നിന്നുള്ള ഭൂരിപക്ഷം. 2006 ൽ 16340 ഉം 2011 ൽ 15806 വോട്ടുകളുടെ ഭൂരിപക്ഷത്തിലും മണ്ഡലം നിലനിർത്തി.

അടിമുടി മാറ്റം
2016 ൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവായിരുന്ന ഫ്രാൻസിസ് ജോർജിനെ 9333 വോട്ടുകൾക്കായിരുന്നു റോഷി അഗസ്റ്റിൻ പരാജയപ്പെടുത്തിത്. റോഷി 60,556 വോട്ട് നേടിയപ്പോൾ ഫ്രാൻസിസ് ജോർജിന് 51223 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി ബിജു മാധവൻ 27403 വോട്ടും നേടി.എന്നാൽ ഇത്തവണ മണ്ഡലത്തിൽ കാര്യങ്ങൾ പാടെ മാറിയിരിക്കുകയാണ്.

പോരാട്ടം ഇരുവരും തമ്മിൽ
കഴിഞ്ഞ തവണ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചവർ തന്നെയാണ് ഇക്കുറിയും പോരാട്ടത്തിനിറങ്ങുന്നതെങ്കിലും യുഡിഎഫിന് വേണ്ടി മത്സരിച്ച റോഷി ജോസിനൊപ്പം എൽഡിഎഫിലെത്തിയപ്പോൾ കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസ് ടിക്കറ്റിൽ എൽഡിഎഫിന് വേണ്ടി മത്സരിച്ച ഫ്രാൻസിസ് ജോർജ് ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുക.

മൂവാറ്റുപുഴ ഇല്ല
നേരത്തേ ഫ്രാൻസിസ് ജോർജിനായി കേരള കോൺഗ്രസ് മൂവാറ്റുപുഴ സീറ്റിന് ശ്രമിച്ചിരുന്നു മൂവാറ്റുപുഴയല്ലെങ്കിൽ കോതമംഗലം എന്നതായിരുന്നു ജോസഫ് വിഭാഗം മുന്നോട്ട് വെച്ച നിർദ്ദേശം..എന്നാൽ മൂവാറ്റുപുഴ വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ്. ഇതോടെയാണ് ഫ്രാൻസിസ് ജോർജിനെ ഇടുക്കിയിൽ മത്സരിപ്പിക്കാൻ യുഡിഎഫ് തയ്യാറായത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ
ഇടുക്കിയിൽ നിന്ന് രണ്ട് തവണ ലോക്സഭയിലേ്ക് ജയിച്ച നേതാവാണ് ഫ്രാൻസിസ് ജോർജ്. ഉറച്ച കോട്ടയായ മണ്ഡലത്തിൽ ഇത്തവണ വിജയം തങ്ങൾക്കാപ്പമാണെന്ന പ്രതീക്ഷയിലാണ് യുഡിഫ് ക്യാമ്പ്.തദ്ദേശ തിരഞ്ഞെടുപ്പിലും നേരിയ മുൻതൂക്കം നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു.

എതിർത്ത് നേതാക്കൾ
അതേസമയം സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള തിരുമാനം കോൺഗ്രസിൽ കടുത്ത എതിർപ്പിനാണ് വഴിവെച്ചിരിക്കുന്നതെന്നത് യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ജോസഫ് വിഭാഗത്തിന് അനുകൂല സാഹചര്യമില്ലെന്നിരിക്കെ അവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് നേതാക്കൾ നൽകുന്നത്.

എൽഡിഎഫിനൊപ്പം
മുന്നണി ബന്ധങ്ങൾക്ക് അപ്പുറം വ്യക്തിബന്ധങ്ങളായിരിക്കും ഇക്കുറി ഇടുക്കിയിൽ വിധി നിർണയിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ജില്ലയിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ നാലും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. 2016 ൽ 3 മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പമായിരുന്നു.

4 സീറ്റ് നേടാൻ
ദേവികുളത്ത് എസ് രാജേന്ദ്രനും ഉടുമ്പൻചോലയിൽ എംഎം മണിയും പീരുമേട്ടിൽ ഇ.എസ്.ബിജിമോളുമാണ് വിജയിച്ചത്. യുഡിഎഫിനായി തൊടുപുഴയിൽ പിജെ ജോസഫും ഇടുക്കിയിൽ റോഷി അഗസ്റ്റിനുമായിരുന്നു വിജയം. എന്നാൽ ഇത്തവണ തൊടുപുഴയും ഇടുക്കിയും കോൺഗ്രസ് മത്സരിക്കുന്ന ദേവികുളവും പീരുമേടും വിജയിക്കാനാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.
ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും നോട്ടമിട്ട് കെസി ജോസഫ്, പറ്റില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
എംഎല്‍എ അല്ലെങ്കില്‍ നിന്റെയൊക്കെ അവസാനമാണെന്ന് ഓര്‍ത്തോ; 35000 വോട്ടിന് ജയിക്കും: പിസി ജോര്‍ജ്