രേഖയില്ലാതെ അതിര്‍ത്തികളില്‍ എത്തിയാല്‍ പെടും; ഇടുക്കിയില്‍ 87 കേസെടുത്തു, കര്‍ശന പരിശോധന
ഇടുക്കി: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ഇടുക്കി - എറണാകുളം ജില്ലകളുടെ അതിര്‍ത്തിയായ അച്ചന്‍കവല, ഇടുക്കി - കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ നെല്ലാപ്പാറ എന്നിവിടങ്ങളിലൂടെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളുമായി എത്തുന്നവരെ മാത്രമാണ് കടത്തി വിടുന്നത്. ഇരു ജില്ലകളില്‍ നിന്നും ഓരോ സബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനായി റോഡില്‍ ബാരിക്കേഡിന് പുറമെ അതിര്‍ത്തിയിലെ ഗതാഗതം ഒറ്റവരിയായി നിയന്ത്രിച്ചിട്ടുമുണ്ട്. വ്യക്തമായ രേഖകളുടെ അഭാവത്തില്‍ വാഹനവുമായി എത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച് മടക്കി അയക്കും. ലോക്ക് ഡൗണ്‍ അവസാനിക്കും വരെയും ഇവിടങ്ങളില്‍ പരിശോധനയുണ്ടാവും.

ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ അത്യാവശ്യ ഡ്യൂട്ടിക്ക് ശേഷമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കര്‍ശന പരിശോധനകള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി, അഡീഷണല്‍ എസ്.പി. എസ് സുരേഷ് കുമാര്‍ എന്നിവരുടെ നേതൃതത്തില്‍ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരും, എല്ലാ എസ്.എച്ച്.ഒ മാരും, ഉള്‍പ്പെടെ 1216 പോലീസ് ഉദ്യോഗസ്ഥരും, 176 വോളണ്ടിയര്‍മാരും ലോക് ഡൗണ്‍ പരിശോധനയ്ക്ക് രംഗത്തുണ്ട്. ഇടുക്കി ജില്ലയില്‍ ലോക് ഡൗണ്‍ കര്‍ശനമാക്കുന്നതിനായി 96 മൊബൈല്‍ പട്രോള്‍, 90 ബൈക്ക് പട്രോള്‍ എന്നിവ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വിന്യസിച്ചു പരിശോധനകള്‍ നടത്തി വരുന്നു.
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം
പരിശോധനകളുടെ ഭാഗമായി വിവിധ തരത്തിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച്ച വൈകിട്ട് 5 മണിവരെ 87 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 719 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, 3859 ആളുകളെ താക്കീത് ചെയ്തു വിട്ടയച്ചിട്ടുമുണ്ട്. ഇടുക്കി ജില്ലയിലെ നാല് അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കാനന പാതകളിലും പോലീസും മറ്റ് ഇതര വകുപ്പ്കളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ലോക് ഡൌണ്‍ അവസാനിയ്ക്കുന്നത് വരെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും തുടരുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സൂപ്പർ നായിക തമന്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ












Click it and Unblock the Notifications