ശക്തമായ മഴ, ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു.. പലയിടത്തും മണ്ണിടിച്ചില്‍
ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മണിക്കൂറിനുള്ളില്‍ ഉടുമ്പന്നൂരില്‍ പെയ്തത് 232 മില്ലി മീറ്റര്‍ മഴയാണ്. വരും മണിക്കൂറുകളില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ പെയ്യും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മൂലമറ്റത്ത് തോടുകള്‍ കരകവിഞ്ഞൊഴുകയാണ്. കരിപ്പിലങ്ങാട് മണ്ണിനടിയില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അതേസമയം തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇവിടെ റോഡിലേക്ക് മരം ഒടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും മരം വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തൊടുപുഴ പുളിയന്മല റോഡില്‍ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പൂച്ചപ്രയില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിവരം. വെള്ളിയാമറ്റം ക്രൈസ്റ്റ് കിങ് വൊക്കേഷണല്‍ എച്ച്എസ്എസ് സ്‌കൂളില്‍ക്യാമ്പ് ആരംഭിച്ചിരിക്കുകയാണ്. ഇവിടേക്ക് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നാടുകാണി സംസ്ഥാന പാതയില്‍ കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായി. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂലമറ്റത്ത് തോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. കരിപ്പിലങ്ങാട് മണ്ണിനടിയില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.
അതേസമയം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട് എന്നും അതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം എന്നും കളക്ടര്‍ അറിയിച്ചു.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കളക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് മഴ കനക്കുന്നത്. ഇടുക്കിയിലും കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെ ആണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശനിയാഴ്ച ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം, വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.












Click it and Unblock the Notifications