ഇടുക്കിയില്‍ 12 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ബിഎസ്പിക്കും വിസികെക്കും സ്ഥാനാര്‍ത്ഥികള്‍
ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഇടുക്കി മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 12 പേര്‍. എല്‍ ഡി എഫില്‍ നിന്ന് മുന്‍ എം പി ജോയ്‌സ് ജോര്‍ജ്, യു ഡി എഫില്‍ നിന്ന് നിലവിലെ എം പി ഡീന്‍ കുര്യാക്കോസ്, എന്‍ ഡി എയില്‍ നിന്ന് സംഗീത വിശ്വനാഥന്‍ എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എല്‍ ഡി എഫ്, എന്‍ ഡി എ മുന്നണികളുടെ ഡമ്മി സ്ഥാനാര്‍ഥികളും പത്രിക നല്‍കിയിട്ടുണ്ട്.
എല്‍ ഡി എഫിനായി സി പി എമ്മിലെ എം എം മണി, എന്‍ ഡി എക്കായി ബി ഡി ജെ എസിലെ സി ഡി പ്രശാന്ത് എന്നിവരാണ് ഡമ്മി സ്ഥാനാര്‍ത്ഥികളാകുന്നത്. ബി എസ് പിക്കായി റസല്‍ ജോയിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സി ഡി പ്രശാന്ത് ആണ് ബി എസ് പിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി. ഇവരെ കൂടാതെ പി കെ സജീവന്‍, മാത്യു, ദീപാ ദിവാകരന്‍, ജോമോന്‍ ജോണ്‍ എന്നിവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ജനവിധി തേടും.

വിടുതലൈ ചിരുതൈഗള്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി സജിയും ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണി വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഇന്ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. അതിന് ശേഷം മണ്ഡലത്തിലെ ചിത്രം വ്യക്തമാകും.
ഇടുക്കിയില്‍ ഇതുവരെ നടന്ന 12 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് തവണയും യു ഡി എഫിനൊപ്പമായിരുന്നു ജയം. എല്‍ ഡി എഫ് നാല് തവണ ജയിച്ചു. ഏറ്റവും ഒടുവില്‍ നടന്ന 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകാരം തൊടുപുഴ, മുവാറ്റുപുഴ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പമാണ്. എന്നാല്‍ കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങള്‍ എന്നീ ഏഴ് മണ്ഡലങ്ങളില്‍ എല്‍ ഡി എഫാണ് ജയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ മേധാവിത്വം മുതലാക്കാം എന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്‍തൂക്കമാണ് യു ഡി എഫിന്റെ പ്രതീക്ഷ. യു ഡി എഫിനും എല്‍ ഡി എഫിനുമായി 2014 മുതല്‍ മത്സരിക്കുന്നത് ഡീന്‍ കുര്യാക്കോസും ജോയ്‌സ് ജോര്‍ജുമാണ്. ആദ്യ തവണ ജോയ്‌സ് ജോര്‍ജ് വിജയിച്ചപ്പോള്‍ രണ്ടാം തവണ വിജയം ഡീന്‍ കുര്യാക്കോസിനൊപ്പമായിരുന്നു. ഇത്തവണ ആര്‍ക്കൊപ്പമാണ് ഇടുക്കി ജനത നില്‍ക്കുന്നത് എന്നതും കണ്ടറിയേണ്ടതാണ്.












Click it and Unblock the Notifications