രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് മണി, 'പാര്‍ട്ടിക്കൊപ്പം നില്‍ക്കും'
ഇടുക്കി: മുന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ സി പി എം വിട്ട് പോകില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ എം എം മണി. ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കര്‍ക്കൊപ്പമുള്ള രാജേന്ദ്രന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായിരുന്നു. ഇതിനിടെയാണ് എം എം മണിയുടെ പ്രതികരണം.
രാജേന്ദ്രന്‍ പ്രകാശ് ജാവേദക്കറെ കണ്ടതില്‍ പ്രശ്‌നമില്ല എന്നും അദ്ദേഹം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും മണി പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രാജേന്ദ്രനോട് സംസാരിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പോയതെന്നാണ് അറിഞ്ഞത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും മണി വ്യക്തമാക്കി.

അതേസമയം സി പി എമ്മില്‍ തന്നെ അടിയുറച്ച് നില്‍ക്കും എന്ന് ആവര്‍ത്തിച്ച് രാജേന്ദ്രന്‍ രംഗത്തെത്തി. സി പി എമ്മില്‍ നിന്നും പിന്നോട്ടില്ലെന്നും പ്രകാശ് ജാവദേക്കര്‍ക്കൊപ്പമുള്ള ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പുറത്ത് വന്നതിന് പിന്നാലെ സി പി എം നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ പാര്‍ട്ടി നേതാക്കളോട് വിശദീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
താന്‍ പറഞ്ഞതെല്ലാം അവര്‍ക്ക് ബോധ്യപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ല എന്ന് നേരത്തെ അറിയിച്ചിട്ടുള്ളതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പോയത് ഡല്‍ഹിയിലേക്ക് പോയത് എന്നും പ്രകാശ് ജാവദേക്കറുമായി ഈ ആവശ്യം ചര്‍ച്ച ചെയ്തത് സൗഹൃദം കൊണ്ടുമാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയുടെ കേരളത്തിലെ പ്രഭാരിയാണ് ജാവദേക്കര്‍ എന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ല എന്നും രാജേന്ദ്രന്‍ വിശദീകരിച്ചു. ജാവേദക്കറുമായുള്ള കൂടിക്കാഴ്ചയുടെ വാര്‍ത്ത വന്നതിന് പിന്നാലെ എന്താണ് ടി വിയില്‍ പോകുന്നത് എന്ന് ചോദിച്ച് സിപിഎം നേതാക്കള്‍ വിളിച്ചിരുന്നു എന്നും വീഴ്ച പറ്റിയതില്‍ നേതാക്കളോട് ക്ഷമ ചോദിച്ചുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. സി പി എമ്മുമായുള്ള അകല്‍ച്ച അവസാനിപ്പിച്ച് ഞായറാഴ്ച എല്‍ ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നു.
ഇതിന് പിന്നാലെ പ്രകാശ് ജാവദേക്കറിനൊപ്പമുള്ള ചിത്രം പുറത്ത് വന്നതോടെയാണ് അദ്ദേഹം ബി ജെ പിയിലേക്ക് പോയേക്കും എന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായത്. മൂന്ന് തവണ ദേവികുളം എം എല്‍ എയായിരുന്ന രാജേന്ദ്രന്‍ 2021 ല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷന്‍ കാലാവധി ജനുവരിയില്‍ അവസാനിച്ചെങ്കിലും പാര്‍ട്ടി അംഗത്വമെടുത്തിട്ടില്ല.












Click it and Unblock the Notifications