അപകടകെണിയൊരുക്കി വഴിയോരങ്ങള്‍; കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ തടിലോറി മറിഞ്ഞു!!
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ആനവിരട്ടി കുരിശുംപടിക്ക് സമീപം കലുങ്ക് നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് തടി കയറ്റി വന്ന ലോറി മറിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അടിമാലി മേഖലയില്‍ തടി കയറ്റി വന്ന ലോറി അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം തോക്കുപാറ ഹെയര്‍പിന്‍ വളവില്‍ തടി ലോറി അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാത 85ല്‍ ആനവിരട്ടി കുരിശുംപടിക്ക് സമീപം മറ്റൊരു തടി ലോറി പാതയോരത്ത് തന്നെ തലകീഴായി മറിഞ്ഞത്.
സൂര്യനെല്ലിയില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശിയപാതയില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഒറ്റവരിയായാണ് ആനവിരട്ടി കുരിശുംപടിക്ക് സമീപം ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. തടിയുമായി വന്ന ലോറി നിര്‍മ്മാണം നടക്കുന്നിടത്ത് എത്തിയപ്പോള്‍ ഒരു ഭാഗം മണ്ണില്‍ പൂണ്ടുപോകുകയും ദേശിയപാതയോരത്ത് തന്നെ തലകീഴായി മറിയുകയുമായിരുന്നു.

വിസ്താരം കുറഞ്ഞ ഭാഗത്ത് വച്ച് എതിര്‍ ദിശയില്‍ നിന്നും വന്ന ഇരുചക്രവാഹനത്തിന് കടന്നു പോകാന്‍ അവസരമൊരുക്കുന്നതിനിടയിലാണ് ലോറി അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക സൂചന. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച്ച പകല്‍ പോലീസിന്റെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിലെ തടി മറ്റൊരു ലോറിയിലേക്ക മാറ്റിയ ശേഷം മറിഞ്ഞ വാഹനം പാതയോരത്തു നിന്നും വലിച്ച് കയറ്റി.












Click it and Unblock the Notifications