25 രൂപയ്ക്ക് ഊണ്‍ പാര്‍സല്‍: തൊടുപുഴയില്‍ കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ തുടങ്ങി
ഇടുക്കി: തൊടുപുഴ നഗരസഭ കുടുബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തില്‍ ന്യൂമാന്‍ കോളേജിനു സമീപം ജനകീയ ഹോട്ടല്‍ ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം ഭക്ഷണം ലഭിക്കുന്നതിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായാണ് ജനകീയ ഹോട്ടല്‍ തുറന്നിരിക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇവിടെ നിന്നും 25 രൂപ നിരക്കില്‍ ഉച്ച ഊണ് പാഴ്സലായി നല്‍കുന്നതിനാണ് നിലവില്‍ തീരുമാനിച്ചിട്ടുളളത്. ജനകീയ ഹോട്ടലില്‍ നിന്ന് നേരിട്ടും, മുനിസിപ്പല്‍ ഓഫീസിന് മുന്‍വശത്ത് സജീകരിച്ചിട്ടുളള കൗണ്ടറില്‍ നിന്നും ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. പൊതു ജനങ്ങള്‍ക്ക് ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ഇതോടൊപ്പം നഗരപരിധിയില്‍ താമസിക്കുന്ന അഗതികള്‍, ഭിക്ഷാടകര്‍, ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളില്‍ ഉള്‍പ്പെട്ട കിടപ്പ് രോഗികള്‍, കോവിഡ് രോഗബാധിതര്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍, പാലിയേറ്റീവ് കെയറിലുളളവര്‍, തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നഗരസഭ ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണപ്പൊതി വിലയ്ക്കു വാങ്ങി സൗജന്യമായി വിതരണം ചെയ്യുമെന്നും ചെയര്‍മാന്‍ അറിയിച്ചു. കൂടാതെ നഗരസഭ ആരംഭിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററുകളിലേയ്ക്കും ഇവിടെ നിന്നാകും ഭക്ഷണം നല്‍കുക.
ഉദ്ഘാടന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി ജോണി, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം.എ.കരീം, റ്റി.എസ്.രാജന്‍, ഷീജ ഷാഹുല്‍ ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷി സുദീപ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ജമീല.കെ, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്സണ്‍ മിനി സുദീപ്, നഗരസഭ കോവിഡ് നോഡല്‍ ഓഫീസര്‍ ജോണി ജോസഫ്, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഭക്ഷണവിതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നഗരസഭാ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ. ജമീലയില്‍ നിന്നും ലഭിക്കും. ഫോണ്‍: 9447512066.












Click it and Unblock the Notifications