രണ്ട് കാഞ്ചികളുള്ള ഇരട്ടക്കുഴല്‍ തോക്ക്; കാറോടിക്കുന്നതിനിടെ സിനിമാ സ്റ്റൈലില്‍ ഒറ്റക്കൈ കൊണ്ട് വെടിവെപ്പ്
മൂലമറ്റം: ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിനെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ആവശ്യപ്പെട്ട ഭക്ഷണം നല്‍കാത്തതില്‍ വെറി പൂണ്ട ഫിലിപ്പ് മാര്‍ട്ടിന്‍ വീട്ടില്‍ പോയി തോക്കെടുത്ത് തിരിച്ച് വന്നാണ് ഹോട്ടലിന് നേരെ വെടിവെപ്പ് നടത്തിയത്. കാറോടിക്കുന്നതിനിടെ സിനിമാ സ്റ്റൈലില്‍ നാടന്‍ ഇരട്ടക്കുഴല്‍ തോക്ക് ഒറ്റക്കൈ കൊണ്ട് പിടിച്ചാണ് ഫിലിപ്പ് വെടിയുതിര്‍ത്തത് എന്നാണ് പൊലീസ് പറയുന്നത്.
ഫിലിപ്പിന് എവിടെ നിന്നാണ് തോക്ക് ലഭിച്ചത് എന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇരട്ടക്കുഴലും രണ്ട് കാഞ്ചികളുമുള്ള തോക്ക് കരിങ്കുന്നം പ്ലാന്റേഷനിലുള്ള സുഹൃത്ത് 2014 - ല്‍ വാങ്ങി നല്‍കിയതാണ് എന്നാണ് ഫിലിപ്പ് മാര്‍ട്ടിന്‍ പൊലീസിന് നല്‍കിയ മൊഴി. ഇത് പ്രകാരം സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ജീവിച്ചിരിപ്പില്ലെന്ന വിവരമാണ് ലഭിച്ചത്. ഫിലിപ്പ് മാര്‍ട്ടിന് ഹൈറേഞ്ചില്‍ തോട്ടമുണ്ടെന്നും അവിടത്തെ ആവശ്യത്തിനായി വാങ്ങിയതാണ് തോക്ക് എന്നുമാണ് മൊഴി.

അഞ്ച് തിരകളുമായാണ് ആക്രമണ ദിവസം ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇതില്‍ നാലെണ്ണവും ശനിയാഴ്ചത്തെ വെടിവെപ്പില്‍ ഉപയോഗിച്ചു. വളരെ ശക്തിയുള്ള തോക്കില്‍ 40 - ഓളം തരികള്‍ ചിതറിയാണ് പുറത്തേക്ക് വരുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. അറക്കുളത്തെ തട്ടുകടയില്‍ ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു ഫിലിപ്പും സഹോദരപുത്രനും. കടയില്‍ നല്ല തിരക്ക് കാരണം ഫിലിപ്പ് ആവശ്യപ്പെട്ട ചപ്പാത്തിയും ബീഫും ബോട്ടിയും തീര്‍ന്നിരുന്നു. ദോശയും ചമ്മന്തിയും മാത്രമേ ബാക്കിയുള്ളൂ എന്ന് ഹോട്ടലുടമ അറിയിച്ചതോടെയാണ് ഫിലിപ്പ് പ്രകോപിതനായത്.

ഹോട്ടലിലുള്ള മറ്റുള്ളവര്‍ക്ക് ചപ്പാത്തിയും മറ്റും കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫിലിപ്പ് ബഹളം വെച്ചത്. എന്നാല്‍ ഇത് നേരത്തെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാണ് എന്ന് ഹോട്ടലുടമ പറഞ്ഞെങ്കിലും ഫിലിപ്പ് അടങ്ങിയില്ല. ഇതിനിടെ അവിടെ കൂടി നിന്നവരും വിഷയത്തില്‍ ഇടപെട്ടു. ഇതിന് പിന്നാലെയാണ് ഫിലിപ്പ് വീട്ടില്‍ പോയി തോക്കെടുത്ത് വന്ന് വെടിവെച്ചത്. ആദ്യം വെടിവെച്ചത് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരേയായിരുന്നു. പിന്നീട് ഫിലിപ്പ് മാര്‍ട്ടിന്‍ കാര്‍ അതിവേഗം മൂലമറ്റം ഭാഗത്തേക്ക് ഓടിച്ചു വന്നു. പെട്രോള്‍ പമ്പിന് സമീപം കാര്‍ തിരിച്ച് തിരികെ വന്നു. കാര്‍ തിരികെ വരുന്നത് കണ്ട നാട്ടുകാരും ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവരും ഓടി മാറിയതിനാലാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

ഇതിനിടെ അവിചാരിതമായാണ് സനലും പ്രദീപും വെടിവെപ്പില്‍ പെട്ടത്. സനലാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പ്രദീപിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും സുഹൃത്തുക്കളാണ്. എന്നാല്‍ ഹോട്ടലില്‍ തര്‍ക്കം നടക്കുന്ന സമയത്ത് സനലും പരിക്കേറ്റ പ്രദീപും കടയില്‍ വരുകയോ ഫിലിപ്പുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ഹോട്ടലുടമ സൗമ്യ പറയുന്നത്. മദ്യപിച്ചിരുന്ന ഫിലിപ്പ് പുറത്തുനിന്ന് അസഭ്യം വിളിച്ചതോടെയാണ് കടയിലുണ്ടായിരുന്നവര്‍ ഇടപെട്ടതെന്നും ഇതിലൊന്നും സനലും പ്രദീപും ഇല്ലായിരുന്നെന്നും സൗമ്യ പറഞ്ഞു. വെടിവെപ്പിന് ശേഷം മുട്ടം പോലീസ് ഫിലിപ്പിനെ പിടികൂടുകയായിരുന്നു.

അതേസമയം വെടിയേറ്റ് മരിച്ച സനലിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. കീരിത്തോട് പൊതുശ്മശാനത്തില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാരം നടക്കുക. പരിക്കേറ്റ പ്രദീപ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ഫിലിപ്പിന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയില്‍ കഴിയുകയാണ്. ഇതിനെ തുടര്‍ന്ന് വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിരുന്നില്ല. പാഴ്‌സല്‍ ഭക്ഷണം വാങ്ങാനായി എത്തിയപ്പോഴാണ് അക്രമം അരങ്ങേറിയത്.












Click it and Unblock the Notifications