മുല്ലപ്പെരിയാര്‍ ഡാം ജലബോംബ്; ഡാമിന്റെ അകം കാലിയായെന്ന് എംഎം മണി
തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തുറന്നടിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. മുല്ലപ്പെരിയാര്‍ ഡാം ജലബോംബാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും മണി കുറ്റപ്പെടുത്തി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു മണി. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം കാലിയാണെന്നും ഞാന്‍ അകത്ത് പോയി പലതവണ കണ്ടിട്ടുണ്ടെന്നും മണി വിശദീകരിച്ചു. ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിരിക്കെയാണ് എംഎം മണിയുടെ മറിച്ചുള്ള പ്രതികരണം.

ഡാമിന്റെ അകം ഞാന്‍ മന്ത്രിമാര്‍ക്കൊപ്പം പോയി പലതവണ കണ്ടിട്ടുണ്ട്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. പുറത്ത് സിമന്റും കമ്പനിയും പൂശിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് നമ്മള്‍ വെള്ളം കുടിച്ച് ചാകും. അവര്‍ വെള്ളം കിട്ടാതെയും ചാകും. വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുകയാണ് ഡാം. ഇക്കാര്യം നിയമസഭയില്‍ ഞാന്‍ പറഞ്ഞിരുന്നു. തമിഴ്‌നാട്ടുകാര്‍ രാഷ്ട്രീയം കളിക്കുകയാണ്. പുതിയ ഡാം നിര്‍മിക്കണം. അല്ലാതെ വേറെ മാര്‍ഗമില്ല. ഇടതുസര്‍ക്കാരിന്റെ നിലപാട് ഇതാണ്. തമിഴ്‌നാട് മുഖ്യമന്ത്രി അനുകൂല നിലപാടെടുത്താല്‍ പ്രശ്‌നം തീരും. അല്ലെങ്കില്‍ സംഭവിച്ചാല്‍ ദുരന്തമായി മാറും. ഹൈറേഞ്ച് സംരക്ഷണ സമിതി ശബ്ദം ഉയര്‍ത്തണമെന്നാണ് എന്റെ നിലപാട്. രണ്ട് സംസ്ഥാനത്തെയും ജനങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാതെ നോക്കണമെന്നും എംഎം മണി പറഞ്ഞു.
മണിയുടെ പ്രസ്താവന വലിയ ചര്‍ച്ചയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും പലരും മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയാണ് പ്രധാന വിഷയമയി ഉന്നയിക്കുന്നത്. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പ്രതികരണവുമായി രംഗത്തുവന്നു. മണിയുടെ വാക്കുകള്‍ വിശദീകരിച്ച ശേഷം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്- പറഞ്ഞത് എം എം മണിയാശാനാണ്. കേരളത്തിന്റെ മുന്‍ വൈദ്യുത വകുപ്പ് മന്ത്രി. ഇത് പറഞ്ഞ നാട്ടുകാരെ മുഴുവന്‍ അനാവശ്യ അപകട ഭീതി പരത്തുന്നവര്‍ എന്ന് വിശേഷിപ്പിച്ച് കേസ് കാണിച്ച് ഭയപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഒന്നുകില്‍ അപകട ഭീതി പരത്തിയ മണിയാശാനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അല്ലെങ്കില്‍ മണിയാശാന്‍ പറഞ്ഞത് ശരി വച്ച് മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യാനുള്ള നീക്കം തുടങ്ങണം.
മഴ ശക്തമാകുകയും ജലമൊഴുക്ക് വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതോടെ വലിയ ആശങ്കയാണ് മലയാളികള്‍ പങ്കുവച്ചത്. തുടര്‍ന്ന് തമിഴ്‌നാട് വെള്ളം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമം നടത്തി. എങ്കിലും ആശങ്ക കുറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടത് ഭീതി സൃഷ്ടിച്ചിരുന്നു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാടുമായി സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications