Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറിലെ സുരക്ഷ: 39.50 ലക്ഷം രൂപയ്ക്ക് പൊലീസിന് പുതിയ ബോട്ട്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ ചുമതലയുള്ള പൊലീസിന് സഞ്ചരിക്കാന്‍ പുതിയ ബോട്ട് എത്തി. 14 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് വാങ്ങാന്‍ 39.50 ലക്ഷം രൂപ ചെലവായി. ആഭ്യന്തര വകുപ്പാണ് ബോട്ട് വാങ്ങിയത്. രക്ഷ എന്ന് പേരിട്ടിരിക്കുന്ന ബോട്ടിന് തേക്കടിയില്‍ നിന്ന് അണക്കെട്ടിലെത്താന്‍ 20 മിനിറ്റ് മതി. പെട്രോള്‍ ഓണ്‍ ബോര്‍ഡ് എന്‍ജിനുള്ള ബോട്ടാണിത്.

തേക്കടിയില്‍ പൊലീസ് സേനയ്ക്ക് രണ്ട് ബോട്ടുകള്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ അതിലൊന്ന് കേടായിട്ട് നാളെറെയായി. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന മറ്റൊരു ബോട്ടും കാലപ്പഴക്കം വന്നതാണ്. അതിനാല്‍ തന്നെ നിലവില്‍ ഒമ്പത് പേരെ മാത്രമെ ഈ ബോട്ടില്‍ കയറ്റാറുള്ളൂ. ഈ സാഹചര്യത്തില്‍ പുതിയ ബോട്ട് വേണം എന്നത് നാളുകളായി സേനയുടെ ആവശ്യമായിരുന്നു. 2008 ലാണ് പൊലീസിനായി ബോട്ട് വാങ്ങുന്നത്.

Mullapperiyar Dam

ഡ്യൂട്ടിയിലുള്ളവര്‍ക്ക് എന്തെങ്കിലും അസുഖമോ അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ മുമ്പ് വനത്തിലൂടെ വള്ളക്കടവ് വഴി വണ്ടിപ്പെരിയാറ്റിലെത്തുക മാത്രമായിരുന്നു പോംവഴി. അല്ലെങ്കില്‍ പഴയ ബോട്ടില്‍ പതിയെ തേക്കടിയിലെത്തണം. പുതിയ സ്പീഡ് ബോട്ട് ലഭിച്ചതോടെ ഈ ദുരിതത്തിനും ആശ്വാസമാകും. അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്ക് അവിടെ തന്നെയാണ് ജോലി.

എന്നാല്‍ സ്റ്റേഷന്‍ വണ്ടിപ്പെരിയാറിലാണ്. അണക്കെട്ടിന് സമീപം താമസ സൗകര്യവും സ്വന്തമായി കെട്ടിടവും ഇല്ലാത്തതിനാല്‍ സ്‌റ്റേഷനിലെത്തുകയെ നിവൃത്തിയുള്ളൂ. വണ്ടിപ്പെരിയാറിലെ സ്റ്റേഷനില്‍ നിന്ന് ജീപ്പ് മാര്‍ഗ്ഗമാണ് ഇപ്പോള്‍ പൊലീസുകാര്‍ അണക്കെട്ടിലേക്ക് പോവുകയും വരികയും ചെയ്യുന്നത്. ഇതിനും ബോട്ടിന്റെ വരവ് സഹായകമാകും. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ സുരക്ഷക്കായി കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാറില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. 2016 ല്‍ ആയിരുന്നു ഇത്. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 140 അംഗ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിന് സമീപം താമസ സൗകര്യവും സ്വന്തമായി കെട്ടിടവും ഇല്ലാത്തതിനാല്‍ അംഗങ്ങളുടെ എണ്ണം കുറച്ചു. ഡിവൈഎസ്പി- 1, സിഐ- 3, എസ്‌ഐ- 8 എന്നിങ്ങനെയാണ് അണക്കെട്ട് സുരക്ഷാ ഡ്യൂട്ടിക്കുള്ള പൊലീസ് സേന.

പുതിയ കെട്ടിടം പണിയാന്‍ സ്ഥലം അനുവദിച്ചിരുന്നെങ്കിലും ഈ സ്ഥലത്തിന് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. നിലവില്‍ പൊലീസുകാര്‍ താമസിക്കുന്നത് കാടിനുള്ളിലെ ക്വാര്‍ട്ടേഴ്‌സുകളിലാണ്. വേണ്ടത്ര കക്കൂസുകള്‍ പോലുമില്ലാത്ത ക്വാര്‍ട്ടേഴ്‌സില്‍ ആണ് 10 പേര്‍ കഴിയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+