സമരാനുകൂലികളുടെ സംഘർഷം; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ദേവീകുളം എംഎൽഎ; നടപടി വേണമെന്ന് സിപിഎം
ഇടുക്കി: സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ദേവികുളം എംഎൽഎ എ. രാജയ്ക്ക് മർദ്ദനമേറ്റു. സംഘർഷത്തിൽ പരിക്ക് പറ്റിയ എംഎൽഎയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
പണിമുടക്കിനെ തുടർന്ന് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞിരുന്നു. ഇതിനിടെ ഉണ്ടായ സംഘർഷമാണ് മർദ്ദനത്തിൽ കലാശിച്ചത്. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ മൂന്നാർ ടൗണിൽ പ്രതിഷേധ യോഗം നടന്നിരുന്നു. ഇതിനിടെ ട്രേഡ് യൂണിയൻ പ്രവർത്തകരുമായി പോലീസ് ഉദ്യോഗസ്ഥർ വാക്കേറ്റം നടത്തി. ഈ വാക്കേറ്റമാണ് സംഘർഷമുണ്ടാക്കാൻ ഇടയാക്കിയത്.

ട്രേഡ് യൂണിയൻ പ്രവർത്തകരെ എസ് ഐ സാഗർ തള്ളി മാറ്റി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ആയിരുന്നു പൊലീസിനെ ശ്രമം. ഇതോടെ എംഎൽഎ എ.രാജ ഇടപെടുകയായിരുന്നു. തുടർന്നാണ് സംഘർഷം ഉണ്ടായത്. പിന്നാലെ എംഎൽഎയ്ക്ക് നേരെ എസ് ഐ മർദ്ദനം നടത്തിയെന്ന് പരാതിയും ഉണ്ടായി. പൊലീസ് മർദ്ദനത്തിലാണ് തനിക്ക് പരിക്ക് പറ്റിയത് എന്ന് എംഎൽഎ രാജയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിപിഎം പ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. എംഎൽഎയെ കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകകർ രംഗത്തെത്തിയത്. സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രനും പ്രതികരിച്ചു. രണ്ടാം ദിവസം, സമാധാനപരമായാണ് ഇടുക്കിയിൽ പണിമുടക്ക് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ ഒരു സ്ഥലത്ത് പോലും സംഘർഷം ഉണ്ടായിരുന്നില്ല. എസ് ഐ സാഗർ ഇതിന് മുൻപും സിപിഎം പ്രവർത്തകർക്ക് നേരെ കയ്യേറ്റം നടത്തിയിട്ടുണ്ടെന്ന് ജയചന്ദ്രൻ വ്യക്തമാക്കി.
എസ്ഐയ്ക്ക് നേരെ അന്ന് നടപടി സ്വീകരിച്ചിരുന്നില്ല. അതിനാലാണ് എസ് ഐ വീണ്ടുമിത് ആവർത്തിച്ചതെന്ന് കെ.കെ ജയചന്ദ്രൻ വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കമാണ് മൂന്നാറിൽ സംഘർഷത്തിന് ഇടയാക്കിയത്. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും എ ഐ ടി യു സി നേതാക്കൾക്ക് പരിക്കേറ്റു. മർദ്ദിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാണ് ജയചന്ദ്രന്റെ ആവശ്യം.
അതേസമയം, സ്കൂളിൽ ജോലിയ്ക്ക് എത്തിയ അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സിപിഎം പ്രവർത്തകർ. 15 അധ്യാപകരെയാണ് സമരാനുകൂലികളായ സി പി എം പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടത്. കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. പൂട്ടിയിട്ടതിന് പിന്നാലെ അധ്യാപകർക്ക് നേരെ സി പിഎം പ്രവർത്തകർ അസഭ്യം പറയുകയും ചെയ്തു. പി ടി എ പ്രസിഡന്റും സി പി എമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും മുൻ ചിതറ പഞ്ചായത്ത് അംഗവുമായ എസ്. ഷിബുലാലിന്റെ നേതൃത്വത്തിൽ ആയിരുന്നു അധ്യാപകർക്ക് എതിരെ നടപടി ഉണ്ടായത്.
പുറത്തിറങ്ങുമ്പോൾ കാണിച്ച് തരാമെന്ന് ഷിബുലാൽ പൂട്ടിയിട്ട അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഏറെ മണിക്കൂറുകൾ നേരം അധ്യാപകർ ക്ലാസ് മുറിയിൽ തന്നെ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. എന്നാൽ , പ്രവർത്തകർക്ക് നേരെ നടപടി എടുക്കാൻ പോലീസും തയ്യാറായില്ലെന്ന് അധ്യാപകർ ആരോപിച്ചു. വൻ പോലീസ് സന്നാഹമാണ് സംഭവത്തിന് പിന്നാലെ സ്കൂളിന് മുന്നിൽ നിലയുറപ്പിച്ചത്.
കോടതി ഉത്തരവ് പ്രകാരമാണ് പതിനഞ്ചോളം അധ്യാപകർ സ്കൂളിൽ എത്തിയത്. സ്കൂളിൽ വന്ന അധ്യാപകർ രജിസ്റ്ററിൽ ഹാജർ ഉറപ്പുവരുത്തിയശേഷം സ്റ്റാഫ് മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പന്ത്രണ്ടോളം സി പി എം പ്രവർത്തകർ അധ്യാപകർക്ക് മുന്നിൽ എത്തിയത്. ഇവർ അധ്യാപകർക്ക് നേരെ അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ അധ്യാപകർ പുറത്തിറങ്ങാൻ ശ്രമിച്ചിരുന്നു. ഈ സമയം പുറത്ത് നിന്ന് വാതിൽ പൂട്ടിയതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അധ്യാപകർ പോലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് അധ്യാപകരെ പൂട്ടിയിട്ട വാതിൽ തുറന്നിരുന്നത്.












Click it and Unblock the Notifications