എന്തിനാണ് ബഹിഷ്‌കരിക്കുന്നതെന്ന് പ്രതിപക്ഷത്തിന് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി, 'നാടിന്റെ അവസ്ഥ മാറി'
തൊടുപുഴ: നവകേരള സദസ് ബഹിഷ്‌കരിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് നവകേരള സദസ് നടത്തുന്നത് എന്ന് പിണറായി വിജയ പറഞ്ഞു. നവകേരള സദസ് ആര്‍ക്കും എതിരായ പരിപാടി അല്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊടുപുഴയിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണ്. നാട് എല്ലാ മേഖലയിലും കൂടുതല്‍ പുരോഗതി നേടണം. എന്നാല്‍ നമ്മുടെ നാടിന്റെ പുരോഗതി തടയുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണം എന്തിനാണെന്ന് അവര്‍ക്ക് തന്നെ അറിയില്ല', മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫ് ഭരണത്തില്‍ നാടും നാട്ടുകാരും കടുത്ത നിരാശയിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കാര്യവും നേരെ ചൊവ്വേ നടക്കാത്ത അവസ്ഥയില്‍ നിന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതോടെ ആണ് മാറ്റം ഉണ്ടായത് എന്ന് പിണറായി അവകാശപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ എല്ലാ തരത്തിലും അടയാളപ്പെടുത്താന്‍ കഴിയുന്നതാണ് ഭൂനിയമ ഭേദഗതി എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി എന്നും നേരത്തെ ഉണ്ടായിരുന്ന അവസ്ഥ മാറി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ ഉണ്ടായിരുന്ന നിയമത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്നും ഇത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നടപടി എന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് കേരളം പൂര്‍ണമായി നെഞ്ചേറ്റിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവകേരള സദസ് ഇടുക്കി ജില്ലയില്‍ ആണ് പുരോഗമിക്കുന്നത്.
ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇടുക്കിയുടെ എക്കാലത്തെയും പ്രധാന വിഷയമെന്ന് പിണറായി പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സാധാരണക്കാരായ ജനങ്ങളെയും കര്‍ഷകരെയും സഹായിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും കുടിയേറ്റ കര്‍ഷകരായ മലയോര ജനതയെ വിശ്വാസത്തിലെടുത്ത് എല്ലാ വിഭാഗത്തിലുള്ള ആളുകളുമായി തുറന്ന മനസോടെയുള്ള ചര്‍ച്ചകള്‍ നടത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത് എന്നും അദ്ദേഹം പറഞ്ഞു.
'കേരളാ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്‍' നിയമമാകുന്നതോടെ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് പൊതുവിലും ഇടുക്കി ജനതയ്ക്ക് വിശേഷിച്ചും വലിയ ആശ്വാസമാവും എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സര്‍ക്കാര്‍ നടത്തുന്ന ഇത്തരം ഇടപെടലുകള്‍ ജനങ്ങളില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന് ഉദാഹരണമാണ് നവകേരള സദസിന് ലഭിക്കുന്ന സ്വീകരണം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications