ഉദ്ഘാടനത്തിന് വന്നില്ല; ഇത് നീതികേടെന്ന് മുഖ്യമന്ത്രി, എംപിക്കും എംഎല്‍എയ്ക്കും വിമര്‍ശനം
കിൻഫ്ര സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നതിൽ ഇടുക്കി എം പി ഡീൻ കുര്യാക്കോസിനെയും തൊടുപുഴ എം എൽ എ പി. ജെ ജോസഫിനെയും വിമർശിച്ച് മുഖ്യമന്ത്രി. ഇന്ന് തൊടുപുഴ മുട്ടത്ത് നടന്ന ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതിനാണ് മുഖ്യമന്ത്രി ഇരുവരെയും വിമർശിച്ചത്. ഇരുവരുടെയും പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അസൗകര്യം ആർക്കുമുണ്ടാകാം എന്നും ചിലർ നിർബന്ധ ബുദ്ധിയോടെ വിട്ടു നിൽക്കുകയാണെന്നും പ്രസംഗത്തിനിടെ മുഖ്യമന്ത്രി പ്രതികരിച്ചു. ചിലർ പല നല്ല കാര്യങ്ങളും ഒഴിവാക്കുകയാണെന്നും ഇത് നാടിനോട് ചെയ്യുന്ന നീതികേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ നാടിന്റെ ഒരുമയും ഐക്യവും എല്ലാ കാലങ്ങളിലും ശ്രദ്ധിക്കപ്പെടുന്നതാണ്. എന്നാൽ ചിലർക്ക് അതിൽ നിന്ന് വിട്ടു നിൽക്കണമെന്ന ഒരു വല്ലാത്ത നിർബന്ധ ബുദ്ധി അടുത്ത കാലത്തായി കണ്ടു തുടങ്ങിയിട്ടുണ്ട്. അത് ആരോഗ്യപരമായ സമീപനമല്ല. അത്തരം ആളുകൾ ഇത് നാടിനോട് ചെയ്യുന്ന നീതി കേടാണ് എന്നെങ്കിലും മനസിലാക്കുക. ഇതായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
സർക്കാരിന്റെ കീഴിലുള്ള ആദ്യ സ്പൈസസ് പാർക്ക് ഉദ്ഘാടനം ആണ് ഇന്ന് തൊടുപുഴ മുട്ടത്ത് ഉദ്ഘാടനം ചെയ്തത്. ഇടുക്കി എം പി ഡീൻ കുര്യാക്കോസിനെയും തൊടുപുഴ എം എൽ എ പി. ജെ ജോസഫും ചില അസൗകര്യങ്ങൾ കാരണം പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്ന് അറിയിക്കുകയായിരുന്നു. ചില ആരോഗ്യ കാരണങ്ങളാലാണ് തൊടുപുഴ എം എൽ എ പി. ജെ ജോസഫിന് പങ്കെടുക്കാൻ കഴിയാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ അതേ സമയം ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നിലവിൽ ഡെൽഹിയിലാണ് എന്നാണ് വിവരം.
ഇരുവരുടെയും പേരുകൾ പരാമർശിക്കാതെയാണ് മുഖ്യമന്ത്രി വിമർശനം നടത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു മുൻപ് വേദിയിൽ വ്യാവസായിക വകുപ്പ് മന്ത്രി സംസാരിച്ചപ്പോൾ പി. ജെ ജോസഫിനും ഡീൻ കുര്യാക്കോസിനും അസൗകര്യങ്ങൾ ഉളളതിനാലാണ് പങ്കെടുക്കാതിരുന്നത് എന്ന് സൂചിപ്പിച്ചിരുന്നു. അതിനു ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചപ്പോഴാണ് ഈ പരാമർശം ഉണ്ടായത്. മുട്ടത്തെ സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ചെറുതോണിയിലേക്ക് പുറപ്പെട്ടു.
സുഗന്ധവ്യഞ്ജന വ്യവസായത്തിൽ രാജ്യത്ത് തന്നെ ഒന്നാമതുള്ള ഇടുക്കിയിൽ ആരംഭിക്കുന്ന പാർക്കിൽ ഇതിനോടകം തന്നെ 80% സ്ഥലവും സംരംഭകർ സ്വന്തമാക്കിക്കഴിഞ്ഞുവെന്നും. 9 മാസത്തിനകം പാർക്കിന്റെ രണ്ടാംഘട്ടവും പൂർത്തിയാക്കുമെന്നും മന്ത്രി പി . രാജീവ് അറിയിച്ചു.












Click it and Unblock the Notifications