ഗർഭസ്ഥ ശിശു മരിച്ചു; ബന്ധുക്കൾ ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർത്തു; ഡോക്ടറടക്കം 3 പേർക്ക് പരിക്ക്
ഗർഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സബൈൻ സ്വകാര്യ ആശുപത്രിയിൽ സംഘർഷം. ബന്ധുക്കൾ ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർത്തതായി റിപ്പോർട്ട്.
ഡോക്ടർ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളും ആശുപത്രി അധികൃതരുമായുണ്ടായ തർക്കമാണ് സംഘർഷത്തിൽ ചെന്നെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇന്നലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗർഭസ്ഥ ശിശു മരിച്ചതായി സ്കാനിംഗിൽ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതർ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. എന്നാൽ സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഡോക്ടർ നിർദ്ദേശിച്ച ദിവസം ഗർഭിണി അഡ്മിറ്റായില്ലെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. സംഘർഷത്തിന്റെ സാഹചര്യത്തിൽ 15 പേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.












Click it and Unblock the Notifications