'ആശയ വിനിമയത്തിന് വാട്സ്ആപ്പ്, ടെലഗ്രാം'; 'യുദ്ധം നീണ്ടാൽ ഭക്ഷണം സംഘടിപ്പിക്കാനുള്ള സൗകര്യമില്ല'
മൂന്നാർ: റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രൈയ്നിലെ കാർക്കീവ് മേഖലയിൽ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയാണ് ഇടുക്കി സ്വദേശികൾ. യുക്രൈയ്നിലെ മെഡിക്കൽ വിദ്യാർഥികളാണ് ഇവർ. കാർക്കീവ് നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റി രണ്ടാം വർഷം പഠിക്കുകയാണ്.
ഇടുക്കി കുരുവിള സിറ്റി കരോട്ട് ജോർജ്-ലീല ദമ്പതികളുടെ മകനായ ബേസിൽ, പത്തനംതിട്ട സ്വദേശികളായ അജാസ്, ആൽഫിയ, വിഷ്ണുനന്ദന, സൗമ്യ എന്നിവരാണ് പെട്ടുപോയത്. ഇന്ത്യൻ എംബസിയോട് ബന്ധപ്പെടാൻ അധികൃതരുമായി നിരന്തരം ഇവർ ബന്ധപ്പെടുന്നു. റഷ്യൻ അതിർത്തിയിൽ നിന്നു 40 കിലോമീറ്റർ മാത്രം ദൂരെയുള്ള കാർക്കീവ് മേഖലയിലെ ജനവാസ മേഖലകളിൽ പോലും ഇന്നലെ കനത്ത ബോംബാക്രമണമുണ്ടയി.

ഭൂമിക്കടിയിലുള്ള മെട്രോ സ്റ്റേഷനിലും പൂർണ സുരക്ഷിതരല്ല. ആളുകളെല്ലാം ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും അഭയം തേടിയിരിക്കുകയാണ്. മഞ്ഞ് വീഴ്ചയും കൊടും തണുപ്പും പ്രതിസന്ധി സൃഷ്ടിക്കുന്നു. മൈനസ് 2 ഡിഗ്രിയാണ് ഇന്നലെ ഇവിടത്തെ താപനില. ഹീറ്റർ ഇല്ലാത്ത അവസ്ഥയിലും തറയിൽ ബെഡ് ഷീറ്റ് വിരിച്ചാണ് കിടക്കുന്നത്.
ആശയ വിനിമയത്തിന് വാട്സ്ആപ്, ടെലഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ മാത്രമാണ് ആശ്രയം. ഏതാനും ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ഉണ്ടെങ്കിലും യുദ്ധം നീണ്ടാൽ വീണ്ടും ഭക്ഷണം സംഘടിപ്പിക്കാനുള്ള സൗകര്യമില്ല. - അവർ പറയുന്നു.
അതേസമയം, റഷ്യയുടെ ആക്രമണത്തിൽ ആശങ്ക മാറാതെ കിഴക്കൻ യുക്രൈയ്നിലുള്ള വിദ്യാർഥികൾ. യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യം തുടരുകയാണ്. ഇതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് യുക്രൈയ്നിലുള്ള വിദ്യാർഥികൾ രംഗത്ത് എത്തിയത്. ശനിയാഴ്ചയും ഹാർകീവിൽ പ്രദേശത്ത് സ്ഫോടന ശബ്ദങ്ങൾ തുടർച്ചയായി കേൾക്കാം. ഹാർകീവിൽ എംബിബിഎസ് അവസാന വർഷ വിദ്യാർഥിയായ കണ്ണൂർ സ്വദേശിനി അപർണ വിനോദാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രമുഖ മാധ്യമം ആയ മനോരമ ഓൺലൈനിനോടാണ് വിദ്യാർഥികൾ സാഹചര്യം പങ്കിട്ടത്.
ഹാർകിവ് ഉൾപ്പെടെയുള്ള കിഴക്കൻ യുക്രെയ്ന്റെ ഭാഗങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ശക്തമായ ആക്രമണമുണ്ടായ ഇവിടങ്ങളിൽ റോഡ് ഗതാഗതമടക്കം അസാധ്യമായ സാഹചര്യമാണ്. ഭക്ഷണം കിട്ടാത്ത അവസ്ഥയ്ക്കു സുഹൃത്തുക്കൾ ചേർന്നു താൽക്കാലികം ആയി എങ്കിലും, പരിഹാരം കണ്ടിട്ടുണ്ട്. ലഘു ഭക്ഷണവും വെള്ളവും കുറച്ച് ലഭിച്ചിട്ടുണ്ട്.
ദിവസങ്ങൾ കഴിയുന്തോറും ഭക്ഷണത്തിന്റെ ലഭ്യത കുറഞ്ഞുവരികയാണ്. വെള്ളം ആവശ്യത്തിന് കിട്ടാനില്ല. ഹാർകീവിലെ പ്രദേശവാസികൾ വന്ന് ഒരു കാരണവശാലും മെട്രോ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങരുതെന്നാണു പറയുന്നത്. എംബസിയുടെ ഭാഗത്തുനിന്നോ സർക്കാരിൽനിന്നോ ഒരു അറിയിപ്പും ഇതുവരെയും ലഭിച്ചിട്ടില്ല. എല്ലാ ഇന്ത്യക്കാരും യുക്രെയ്നിൽനിന്നു മടങ്ങണമെന്ന് ഇന്ത്യയിൽനിന്ന് ആരും നിർദേശിച്ചതായി അറിയില്ല. താൽപര്യമുള്ളവർക്കു മടങ്ങാമെന്നാണു പറഞ്ഞത്. ഞാൻ മെഡിക്കൽ പഠനത്തിന്റെ അവസാന വർഷത്തിലാണ്.
കാര്യങ്ങൾ സാധാരണ പോലെയായിരുന്നെങ്കിൽ അടുത്ത ജൂണിൽ എന്റെ ബിരുദദാന ചടങ്ങ് നടക്കേണ്ടതായിരുന്നു. ഇപ്പോള് യുക്രെയ്ൻ വിട്ടാൽ സർട്ടിഫിക്കറ്റ് ഇനി ഒരു വർഷം കഴിഞ്ഞു നോക്കിയാൽ മതിയെന്നാണ് സർവകലാശാലയിൽനിന്നു പറഞ്ഞത്. ശനിയാഴ്ചയും രാവിലെ മുതൽ എംബസിയുമായി ബന്ധപ്പെടാൻ സുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഭയം കൂടിക്കൂടി വരികയാണ്. ഞങ്ങൾ ഇപ്പോഴുള്ള ഹാർക്കീവ് പ്രദേശം യുക്രെയ്ന്റെ കിഴക്കു ഭാഗത്താണ്.
റഷ്യയുമായി വളരെ കുറഞ്ഞ ദൂരമാണ് ഇവിടെനിന്നുള്ളത്. രക്ഷാപ്രവർത്തനം നടക്കുന്ന റുമാനിയ, പോളണ്ട്, ഹങ്കറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെനിന്ന് ആയിരത്തിനു മുകളിൽ കിലോമീറ്റർ ദൂരമുണ്ട്. അങ്ങോട്ടേക്കു പോകാൻ ഞങ്ങൾക്കു വഴികളൊന്നുമില്ല. പടിഞ്ഞാറൻ യുക്രെയ്നിൽ നിന്നാണ് ഇന്ത്യ ഇപ്പോൾ ആളുകളെ കൊണ്ടുപോകുന്നത്.
അതേസമയം, എത്ര ദിവസം ഇവിടെ ഇങ്ങനെ തങ്ങാനാകുമെന്ന് അറിയില്ല. ഇപ്പോൾ തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. കിഴക്കൻ യുക്രെയ്നിലുള്ളവർ തൽക്കാലം അവിടെ തന്നെ തുടരാനാണ് എംബസി പറയുന്നത്. കിഴക്കൻ യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. കൊടും തണുപ്പിലാണ് മെട്രോ ട്രെയിനുകൾക്കകത്തെ താമസം. ട്രെയിനിലും മെട്രോ സ്റ്റേഷനിലുമായുള്ള ജീവിതം മൂന്നാം ദിവസവും തുടരുകയാണ് അപർണ പറയുന്നു.












Click it and Unblock the Notifications