ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഠനവും ആസ്വാദനവും: കുരുന്നുകളെ കാത്ത് കൊമ്പനും ആമയും മിക്കിമൗസും, വരവേല്‍പ്പിന് കാഞ്ചിയാര്‍

  • By Desk
Google Oneindia Malayalam News

കട്ടപ്പന: കൊമ്പനാനയും പക്ഷികളും ആമയും മിക്കിമൗസും ഇവിടെ കൊച്ചു കൂട്ടുകാരെത്താനുള്ള കാത്തിരിപ്പിലാണ്. ക്ലാസ് മുറികളുടെ ചുവരുകളിലെ വര്‍ണ്ണക്കൂടുകളിലാണെങ്കിലും കുരുന്നുകളെത്തി ശബ്ദമുഖരിതമാകുന്നതോടെ ഇവയ്ക്കും ജീവന്‍ വച്ചു തുടങ്ങും. കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളാണ് ക്ലാസ് മുറികളുടെ ചുവരുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരച്ചും ശിശു സൗഹൃദ ഇരിപ്പിടങ്ങളുള്‍പ്പെടുന്ന ഹൈടെക് ക്ലാസ് മുറികളും സജ്ജീകരിച്ച് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്.

അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി; വരാന്‍ തയ്യാറാണെങ്കില്‍ വഴിയൊരുക്കുംഅബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി; വരാന്‍ തയ്യാറാണെങ്കില്‍ വഴിയൊരുക്കും

പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള ഈ സ്‌കൂളിലെ ക്ലാസ് മുറികളെല്ലാം ശിശു സൗഹാര്‍ദ്ദമാക്കി മാറ്റിയതിനൊപ്പം ആധുനിക സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ലാപ്‌ടോപ്പ്, ഷോര്‍ട്ട് ത്രോ പ്രൊജക്ടര്‍, റൈറ്റിംഗ് ബോര്‍ഡ്, പ്രൊജക്റ്റര്‍ സ്‌ക്രീന്‍, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കിയാണ് ക്ലാസ് മുറികളെ ആധുനികവത്ക്കരിച്ചത്.

kaanchiyaarschool-

കളികളിലൂടെയും ദൃശ്യങ്ങളിലൂടെയും പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കുവാനും കുട്ടികളുടെ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കാനും ഹൈടെക് ക്ലാസ് മുറികള്‍ ഉപകരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം സാധ്യമാക്കുന്നതിനായി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് അഞ്ചര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കി മാറ്റിയത്.

ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീ -സ്‌കൂള്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് എസ് എസ് കെ ഫണ്ട് 1,03000 രൂപയില്‍ ആദ്യ ഗഡു അന്‍പതിനായിരം രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ മോഡല്‍ പ്രീ-പ്രൈമറി സ്‌കൂള്‍ നവീകരിച്ചത്. കാര്‍ട്ടൂണുകളും കഥകളും ഉള്‍ക്കൊള്ളിച്ച തീമാറ്റിക് ബോര്‍ഡ്, വായനാമൂല, ഗണിതമൂല, ചിത്രമൂല എന്നിവയും കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാനും പെയിന്റിംഗ് ചെയ്യാനുമുള്ള സൗകര്യവും ചെറുകസേരകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേക്കെത്തുന്ന കുട്ടികള്‍ക്കായി എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ഹെഡ്മിസ്ട്രസ് കാതറിന്‍ ജമ്മ പറഞ്ഞു.

സമീപത്തു തന്നെ സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടേയ്‌ക്കെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം 51 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തി. കുട്ടികള്‍ക്ക് മികച്ച പഠന- പാഠ്യേതര കാര്യങ്ങള്‍ പകര്‍ന്നു നല്കുന്ന അധ്യാപകര്‍, ആധുനിക സൗകര്യങ്ങള്‍ വന്നതോടെ സ്‌കൂളില്‍ കൂടുതല്‍ കുട്ടികളെത്തുമെന്ന പ്രതീക്ഷയിലാണ്. പ്രധാനാധ്യാപിക ഉള്‍പ്പെടെ അഞ്ച് അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.

എല്ലാ അധ്യാപകര്‍ക്കും ഹൈടെക് ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും നല്കി കഴിഞ്ഞു. ക്ലാസ് മുറികള്‍ക്ക് പുറത്ത് ചട്ടികളിലായി നിരവധി ചെടികളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ പച്ചക്കറി തോട്ടവും തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍ .പ്രധാനാധ്യാപിക കാതറിന്‍ ജമ്മയും മറ്റ് അധ്യാപകരായ ലിസ ആന്റണി, പി.എ ഗബ്രിയേല്‍, സി.ആര്‍ പത്മകുമാരി എന്നിവരും പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങളിലാണ്. പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാനും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടുന്നതിനുമായി ചിത്രശലഭം, സൂര്യകാന്തി പൂക്കള്‍ തുടങ്ങിയവയുടെ മാതൃകകള്‍ കാര്‍ഡ്‌ബോര്‍ഡില്‍ വെട്ടിയെടുത്ത് വര്‍ണ്ണ കടലാസ് ഒട്ടിച്ച് തയ്യാറാക്കുന്ന തിരക്കിലാണ് ഈ അധ്യാപകര്‍.

Idukki
English summary
Schools in Kerala ready to welcome new comers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X