ഇടുക്കിയിലേക്ക് സ്വര്‍ണ്ണമെഡല്‍ എത്തിച്ച് ഇരട്ട സഹോദരങ്ങള്‍... നേട്ടം സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍...!!!!
തൊടുപുഴ: ആലപ്പുഴയില്‍ നടന്നുവരുന്ന സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിലാണ് അപൂര്‍വ്വനേട്ടം ഇടുക്കി നെടുംകണ്ടം സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍ സ്വന്തമാക്കിയത്. നെടുംകണ്ടം സ്‌കൂളിലെ പത്താക്ലാസ് വിദ്യാര്‍ത്ഥികളായ അഖിലും അമലുമാണ് ദേശീയത്തലത്തില്‍തന്നെ ശ്രദ്ധനേടിയ വിജയം കൈവരിച്ചത്.
സ്വര്‍ണ്ണ മെഡല്‍ നേടിയതിനു പിന്നാലെ ദേശീയ ചാമ്പ്യന്‍ഷിപ്പിലെ കേരള ഇരട്ടകള്‍ എന്ന വിളിപ്പേരും ഇവരെ തേടിയെത്തി. നെടുംങ്കണ്ടം ജൂഡോ അക്കാദമിയില്‍ നിന്നുമാണ് സംസ്ഥാനത്തലത്തിലെ മികച്ച ജൂഡോ താരങ്ങളായി ഇവര്‍ ഉയര്‍ന്നു വന്നത്. ആദ്യ റൗണ്ടുകളില്‍ തുടങ്ങി ഫൈനല്‍വരെ എതിരാളികള്‍ക്ക് യാതൊരുവിധത്തിലുമുള്ള അവസരം നല്‍കാതെ ഹിപ്പോണ്‍ സ്‌കോറിലൂടെയാണ് ഇരുവരും വിജയകുതിപ്പ് നടത്തിയത്.

തൃശൂര്‍ സായിയുടെ ദേശീയ താരമായ മൃദുലിനെ തറപറ്റിച്ചാണ് അമല്‍ ചാമ്പ്യനായതെങ്കില്‍ കാസര്‍ഗോഡിന്റെ ആഷ്ഫക്കിനെ തോല്‍പ്പിച്ചാണ് അഖില്‍ സ്വര്‍ണ്ണം നേടിയത്. അഖിലും അമലും 5 വര്‍ഷമായി നെടുങ്കണ്ടം ജൂഡോ അക്കാദമിയില്‍ പരിശീലനം നടത്തി വരുന്നു.പരിശീലകനായ സൈജു ചെറിയാന്‍ ഇരുവവരുടെയും നേട്ടത്തിലുള്ള സന്തോഷം പങ്കുവെച്ചു.
നെടുംകണ്ടത്തെ പരിശീലനത്തിനൊപ്പം ഗോവയിലും ഹരിയാനയിലും നടന്നിട്ടുള്ള പരീശീലന ക്യാമ്പുകളിലും ഇരുവരും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി കളിക്കുകയെന്നതാണ് ഇരുവരുടെയും ലക്ഷ്യം.പത്താം ക്ലാസ്സ് പഠനത്തിനുശേഷം ബംഗലൂരുവിലെ ഇന്റര്‍നാഷണല്‍ ജൂഡോ അക്കാഡമിയില്‍ ചേര്‍ന്നു പഠിക്കാനാണ് ഇരുവരും താല്‍പര്യപ്പെടുന്നത്.
ഇരുവരുടെയും വിജയങ്ങള്‍ക്ക് കൂടുതല്‍ പിന്തുണയു നല്‍കി മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ദിലീപും മാതാവ് നിഷയും ഒപ്പമുണ്ട്. സ്വര്‍ണനേട്ടത്തിനൊപ്പം ദേശീയ സ്‌കൂള്‍ ഗയിംസിനുള്ള പരിശീലം കൂടുതല്‍ തീവ്രമാക്കാനുമാണ് ഈ സഹോദരങ്ങളുടെ തീരുമാനം.












Click it and Unblock the Notifications