ഇടുക്കിയിൽ സ്ട്രോബറി കൃഷിക്ക് മധുരം കുറയുന്നു; കോവിഡും അവിടെ വില്ലനായി ഇവർക്ക്...
ഇടുക്കിയിൽ സ്ട്രോബറി കൃഷിക്ക് മധുരം കുറയുന്നു; കോവിഡും അവിടെ വില്ലനായി ഇവർക്ക്...
ഇടുക്കി: ജില്ലയിൽ സ്ട്രോബറി കൃഷി ഉപേക്ഷിച്ച് കർഷകർ. കടുത്ത പ്രതിസന്ധിയാണ് സ്ട്രോബറി കൃഷി നിർത്താനുളള കാരണം. അതോടെ, ഇടുക്കിയിൽ മുൻ വർഷത്തെ പോലെ ഇനിയും സ്ട്രോബറിയ്ക്ക് മധുരം ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം ബാക്കി ആകുകയാണ്.

പുണെയിൽ നിന്നും സ്ട്രോബറി തൈകൾ കൊണ്ട് വരുന്നതും ഭാരിച്ച ചെലവായതിനാൽ സ്ട്രോബറി കൃഷി കർഷകരിൽ ഭൂരിഭാഗവും ഉപേക്ഷിച്ച നിലയിലാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സാധാരണയായി സ്ട്രോബറി തൈകൾ നടുന്നത്. എന്നാൽ, തൈകൾ സ്വകാര്യ ഏജൻസികൾ വഴി കൊണ്ടു വരുമ്പോൾ കർഷകർക്ക് ഇതിന്റെ ചെലവ് ഏറെയാണ്.വരാനിരിക്കുന്നത്
ഇടുക്കി ജില്ലയിൽ ബി എൽ റാം, വട്ടവട, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും സ്ട്രോബെറി കൃഷി ചെയ്യുന്നത്. വട്ടവട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കർഷകർ സ്വന്തം നിലയ്ക്ക് സ്ട്രോബെറി തൈകൾ എത്തിച്ച് കൃഷി നടത്തുന്നവരാണ്. എങ്കിലും തൈകൾ നട്ട് രണ്ടാഴ്ചയെങ്കിലും നല്ല വെയിൽ ലഭിച്ചെങ്കിൽ മാത്രമേ നല്ല വളർച്ചയുണ്ടാകൂ എന്ന് കർഷകർ പറയുന്നു. എന്നാൽ ഇത്തവണ ജില്ലയിൽ കനത്ത മഴ പെയ്തതിനാൽ കർഷകർ ആശങ്കയിലാണ്.
ഹോർട്ടികോർപ് പുണെയിൽ നിന്നും 10000 തൈകൾ എത്തിച്ച് മൂന്നാറിലെ ഫാമിൽ ഒരേക്കറോളം സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോർട്ടികൾചർ മിഷൻ 2 വർഷം മുൻപ് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി അത്യുൽപാദന ശേഷിയുള്ള സ്ട്രോബെറി തൈകൾ പുണെയിൽ നിന്ന് എത്തിച്ച് കർഷകർക്ക് നൽകിയിരുന്നു. എന്നാൽ, പിന്നീട് ആ പദ്ധതി നിലച്ചു. ജനുവരി മുതൽ മേയ് വരെയാണ് ഇതിന്റെ വിളവെടുപ്പുകാലം.
എന്നാൽ, കോവിഡിനെ തുടർന്ന് കഴിഞ്ഞ സീസണിൽ സ്ട്രോബെറി കൃഷി ചെയ്തവർക്കെല്ലാം വൻ നഷ്ടം സംഭവിച്ചു. ലോക്ഡൗൺ കാലത്ത് വിളവെടുത്ത സ്ട്രോബെറി കർഷകർക്ക് വിൽക്കാൻ കഴിയാതെ നശിച്ചു. ചില കർഷകർ ജാം, സ്ക്വാഷ് തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് സ്ട്രോബറി പഴങ്ങൾ നശിക്കാതിരിക്കാൻ ശ്രമിച്ചുവെങ്കിലും പൂർണമായി ഫലവത്തായില്ല. ഒരു വർഷം മുൻപ് ഒരു കിലോഗ്രാം സ്ട്രോബറി പഴത്തിന് 300 മുതൽ 400 രൂപ വരെ വില ലഭിച്ചിരുന്നു.
സ്ട്രോബറി കൃഷി അധികവും വിനോദസഞ്ചാര മേഖലകളോട് ചേർന്നായതിനാൽ കാഴ്ച കാണാനെത്തുന്ന സഞ്ചാരികൾ നേരിട്ട് കൃഷിയിടത്തിലെത്തി സ്ട്രോബറി വാങ്ങുന്നതായിരുന്നു കർഷകരുടെ പ്രധാന ലാഭം. എന്നാൽ, 2 വർഷമായി വിനോദ സഞ്ചാര മേഖലയും കടുത്ത പ്രതിസന്ധി നേരിടുന്നതിനാൽ കൃഷി വീണ്ടും തുടങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇടുക്കിയിലെ പല കർഷകരും...












Click it and Unblock the Notifications