നിയമങ്ങൾ പാലിച്ചോ...ഇല്ലേങ്കിൽ പണി കിട്ടും; ക്യാമറാ കണ്ണുകളുമായി മോട്ടർ വാഹന വകുപ്പ്
നിയമങ്ങൾ പാലിച്ചോ...ഇല്ലേങ്കിൽ പണി കിട്ടും; ക്യാമറാ കണ്ണുകളുമായി മോട്ടർ വാഹന വകുപ്പ്
ഇടുക്കി: ജില്ലയിൽ നിരത്തുകളിൽ ഓടുന്ന വാഹനങ്ങൾക്ക് പിടി വീഴും. ഇനി മുതൽ നിയമ ലംഘനങ്ങൾ പിടികൂടാൻ മോട്ടർ വാഹന വകുപ്പിന്റെ പുതിയ തന്ത്രം. നിയമ ലംഘനങ്ങൾ പിടികൂടാൻ വേണ്ടി ക്യാമറകൾ സ്ഥാപിക്കുന്നതിനാണ് മോട്ടർ വാഹന വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. കെൽട്രോണാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
ഇതിലൂടെ ജില്ലയിലെ എല്ലാവിധ നിയമലംഘനങ്ങളും കണ്ടെത്താൻ കഴിയുമെന്നും അത്തരത്തിലാണ് ക്യാമറകൾ സ്ഥാപിക്കുകയെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ജില്ലയിലെ 72 പ്രധാന കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക. ഇതോടെ, ഹെൽമറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവർക്കും, അമിത വേഗം, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് ചെയ്യുന്നവർക്കും പിടി വീഴും.

പിടിക്കപ്പെട്ടു കഴിഞ്ഞാൽ കടുത്ത പിഴ ചുമത്തും. ഇത് നൽകേണ്ടിയും വരും. ഇല്ലാത്ത പക്ഷം നടപടികൾ സ്വീകരിക്കും. ഇന്നലെ കട്ടപ്പന - കുട്ടിക്കാനം പാതയിൽ ഉൾപ്പെടെ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ ഇവയുടെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ക്യാമറകളിൽ പതിയുന്ന നിയമ ലംഘനങ്ങൾ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരം സെൻട്രൽ സെർവർ കൺട്രോൾ റൂമിൽ ശേഖരിക്കും.
അവ ജില്ലാതല കൺട്രോൾ റൂമിലേക്ക് കൈമാറും. ശേഷം അവിടെ നിന്ന് വാഹന ഉടമകൾക്ക് മെമ്മോ അയയ്ക്കും. വാഹനത്തിന്റെ ചിത്രം, തീയതി, സമയം, സ്ഥലം, നിയമ ലംഘനം എന്നിവയെല്ലാം വ്യക്തമാക്കിയുള്ള മെമ്മോ തപാൽ വഴിയാകും അയയ്ക്കുക. കൂടാതെ എസ് എം എസ് മുഖേനയും വാഹന ഉടമകളെ വിവരം അറിയിക്കും.
മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റെഡ് ലൈറ്റ് വൈലേഷൻ, സ്പീഡ് വൈലേഷൻ എന്നിങ്ങനെ 3 തരം ക്യാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. അതിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകളാകും ജില്ലയിൽ കൂടുതലായി സ്ഥാപിക്കുക. കേബിളിനു പകരം റഡാർ സംവിധാനത്തിലാകും ഇവയുടെ പ്രവർത്തനം എന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ പിന്നാലെ ആരംഭിച്ചു കഴിഞ്ഞു.
ഈ പദ്ധതി നടപ്പിലാകുന്നതോടെ ക്യാമറാ കണ്ണിലൂടെ നിയലംഘകരെ കണ്ടെത്താൻ സാധിക്കും. കൂടുതൽ പേർ പിഴ നൽകാൻ മടിച്ചെങ്കിലും നിയമം പാലിക്കും എന്നാണ് വിലയിരുത്തൽ. അതേ സമയം, ഡിസംബറിൽ ഈ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എന്നാൽ, ഇത് നീണ്ടു പോകുകയായിരുന്നു.












Click it and Unblock the Notifications