മകനും കുടുംബവും ഒരു കാരണവശാലും രക്ഷപ്പെടരുത്; എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തു; തൊടുപുഴയിലേത് ക്രൂര കൊലപാതകം
ഇടുക്കി: തൊടപുഴയില്‍ പിതാവ് മകനെയും കുടുംബത്തെയും തീ കൊളുത്തി കൊലപ്പെടുത്തിയതിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന് പൊലീസ്. കൃത്യമായി ആസൂത്രണം നടത്തിയതിന് ശേഷമാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അബ്ദുള്‍ ഫൈസല്‍, ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കിടന്ന് ഉറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച പ്രതി തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൃത്യത്തിന് മുമ്പ് ഇയാള്‍ വാതിലുകള്‍ എല്ലാം പുറത്ത് നിന്ന് പൂട്ടിയിരുന്നു. വീട്ടിലെയും സമീപ പ്രദേശത്തെ മറ്റ് വീട്ടുകളിലെയും വൈദ്യുതി, വെള്ള കണക്ഷന്‍ പ്രതി വിച്ഛേദിച്ചിരുന്നു. ഫൈസലിന്റെ മക്കള്‍ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയായ രാഹുല്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ടതായും രാഹുല്‍ മൊഴി നല്‍കി.

മകനെയും കുടുംബത്തെയും തീ വച്ചതായി പിതാവ് ഹമീദ് പിന്നീട് ബന്ധുവീട്ടിലെത്തി അറിയിക്കുകയും ചെയ്തു. ഹമീദും മകന്‍ ഫൈസലും തമ്മില്‍ ഏറെ നാളായി സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. നേരത്തെ തൊടുപുഴയിലായിരുന്നു പ്രതിയും മകനും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍കുടിയിലേക്ക് താമസം മാറ്റി. ആ സമയത്ത് 50 സെന്റോളം സ്ഥലം മകന്റെ പേരില്‍ എഴുതി നല്‍കിയിരുന്നു.

2018ല്‍ ഹമീദ് തിരികെ തൊടുപുഴയില്‍ എത്തുകയും ആ സ്വത്ത് തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഫൈസലും കുടുംബവും മറ്റൊരു വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരുന്നു.

പുതിയ വീട്ടിലേക്കുള്ള ഉപകരണങ്ങള്‍ അടക്കം ഫൈസല്‍ വാങ്ങിയിരുന്നു. നോമ്പ് കാലത്തിന് ശേഷം വീട് മാറാനായിരുന്നു ഫൈസല്‍ തീരുമാനിച്ചത്. അതിനിടെയാണ് നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. മകനും കുടുംബവും ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പുതിയ വീട്ടില്‍ സമാധാനത്തോടെ താമസിക്കാന്‍ ഫൈസലിനെയും കുടുംബത്തെയും അനുവദിക്കില്ലെന്ന് ഹമീദ് പലരോടും പറഞ്ഞിരുന്നു.

എന്നാല്‍ പ്രായമുള്ള ഇയാളുടെ ഭീഷണി ആരും കണക്കിലെടുത്തില്ല. വീട്ടില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള എല്ലാ വാതിലും പ്രതി അടച്ചിരുന്നു. കൂടാതെ വെള്ളം ഉപയോഗിച്ച് തീ അണക്കാതിരിക്കാന്‍ പൈപ്പ് കണക്ഷനും പ്രതി വിച്ഛേദിച്ചിരുന്നു. പെട്രോള്‍ നേരത്തെ വീട്ടില്‍ വാങ്ങിവച്ചിരുന്നു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുല്‌ള ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications