വീടും ജോലിയും..പിന്നെ മകളുടെ വിവാഹത്തിന് 30 പവൻ സ്വർണവും; ഇടുക്കിയിലെ അമേരിക്കൻ തട്ടിപ്പ് ഇങ്ങനെ..!
മൂലമറ്റം: ഇടുക്കി ജില്ലയില്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അമേരിക്കന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ഇടക്കുന്നുമ്മേല്‍ സൗമ്യ (33), അറക്കുളം കൊച്ചനമൂട്ടില്‍ സരസമ്മ (66) എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ കാഞ്ഞാറിലെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഇവര്‍ 18 പേരില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. അമേരിക്കയിലുള്ള ഒരാള്‍ നല്‍കുന്ന സഹായപ്രകാരം നിര്‍ധനര്‍ക്ക് വീട്, പെന്‍ഷന്‍, ജോലി, പെണ്‍മക്കളുടെ വിവാഹത്തിന് 30 പവന്‍ സ്വര്‍ണം എന്നിവ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയെടുത്തതതെന്ന് പൊലീസ് പറയുന്നു.
സഹായം ലഭിക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ഫീസ്, മറ്റ് ചെലവുകള്‍ എന്ന പേരിലാണ് ഇത്രയും തുക തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കാഞ്ഞാര്‍ പൊലീസിന് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 27 മുതല്‍ മേയ് 4 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പണം കൈപ്പറ്റിയവരെ സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ തട്ടിയെടുത്ത പണം നല്‍കാമെന്ന് ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പറഞ്ഞ കാലാവധി കഴിഞ്ഞപ്പോഴാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഇവര്‍ മറ്റ് പലരില്‍ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications