വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചത് മനപൂര്‍വം; പ്രതിക്കെതിരെ കൊലക്കുറ്റം
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ ആക്രമിച്ചത് ആസൂത്രിതമെന്ന് പൊലീസിന്റെ എഫ് ഐ ആര്‍. സംഭവത്തില്‍ പ്രതി പാല്‍രാജിന് എതിരെ വധശ്രമക്കുറ്റം ചുമത്തി. ആറ് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കോടതി വെറുതെ വിട്ട അര്‍ജുന്റെ ബന്ധുവാണ് പാല്‍രാജ്. കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പാല്‍രാജ് സംഭവസ്ഥലത്ത് എത്തിയത് എന്നാണ് എഫ് ഐ ആര്‍.
ആയുധവുമായി എത്തിയ പാല്‍രാജ് മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നു. പാല്‍രാജിന് പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലാന്‍ ഉദ്ദേശമുണ്ടായിരുന്നു. ഇതിന് വേണ്ടിയാണ് പ്രതി കൈയില്‍ ആയുധം കരുതിയത് എന്നും എഫ് ഐ ആറില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലുമാണ് മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് കുത്തിയത്.

പാല്‍രാജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇന്ന് നടക്കും. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ സത്രം ജംഗ്ഷനില്‍ വെച്ച് പാല്‍രാജും കുട്ടിയുടെ പിതാവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മുത്തച്ഛനും മര്‍ദ്ദനമേറ്റു. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി കഴിഞ്ഞ മാസമാണ് വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയായിരുന്ന അര്‍ജുനെ വെറുതെവിട്ടത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അര്‍ജുനെ കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കളും അര്‍ജുന്റെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
അര്‍ജുനെ വിചാരണ കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ ഈ മാസം 29 ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും എന്ന് അറിയിച്ചിട്ടുണ്ട്. 2021 ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തി.
പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പൊലീസ് തെളിവുകള്‍ അപര്യാപ്തമാണ് എന്ന് കണ്ട് കോടതി അര്‍ജുനെ വിട്ടയയ്ക്കുകയായിരുന്നു. അേേതസമയം കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ് റദ്ദാക്കി അര്‍ജുനെ ശിക്ഷിക്കണം എന്നാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലെ ആവശ്യം. വസ്തുതകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തുന്നതില്‍ വിചാരണ കോടതിക്ക് തെറ്റ് പറ്റി എന്നും സാക്ഷിമൊഴികളും കണക്കിലെടുത്തില്ലെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലെ വാദം.












Click it and Unblock the Notifications