വണ്ടിപ്പെരിയാര്‍ കേസ്: വെറുതെ വിട്ട അര്‍ജുനും കുടുംബത്തിനും സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി/ ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട അര്‍ജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണെമന്ന് കോടതി പറഞ്ഞു.
ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്നും സംരക്ഷണം നല്‍കണം എന്നും ആവശ്യപ്പെട്ട് അര്‍ജുന്റെ അച്ഛന്‍ സുന്ദറും കുടുംബാംഗങ്ങളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു കേസിലെ പ്രതിയായിരുന്ന അര്‍ജുനെ കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു വെറുതെ വിട്ടത്.

അര്‍ജുന് എതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. 2021 ജൂണ്‍ 30 ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വെച്ച് ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കുട്ടി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വണ്ടിപ്പെരിയാര്‍ സ്വദേശിയും സമീപവാസിയുമായ അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
അതേസമയം അര്‍ജുന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാനായില്ല എന്നായിരുന്നു കോടതി വിധി. ഇതോടെ അര്‍ജുനെ കോടതി വെറുതെ വിട്ടെങ്കിലും തങ്ങള്‍ വെറുതെ വിടില്ലെന്നും കേസില്‍ അപ്പീലിന് പോകില്ലെന്നും പ്രതിയെ കൈകാര്യം ചെയ്യുമെന്നും പിതാവ് പറഞ്ഞിരുന്നു. പ്രതിയെ കിട്ടിയില്ലെങ്കില്‍ അവന്റെ വീട്ടുകാരെ തീര്‍ക്കും എന്നും താന്‍ ഭാവിയില്‍ കുറ്റക്കാരനാകുകയാണെങ്കില്‍ അതിന് കാരണം കോടതിയായിരിക്കും എന്നുമായിരുന്നു പിതാവ് പറഞ്ഞു.
കൊലപാതകം നടത്തിയതിനെ കുറിച്ച് പ്രതി പൊലീസിനോട് സമ്മതിച്ചതാണ് എന്നും എന്നാല്‍, തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല എന്നുമായിരുന്നു പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. വണ്ടിപ്പെരിയാര്‍ സി ഐ. ആയിരുന്ന ടി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications