വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 24 മണിക്കൂര്‍ സംരക്ഷണമൊരുക്കുമെന്ന് പൊലീസ്
തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തിന് പൂര്‍ണ സുരക്ഷയൊരുക്കും. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചു. പെണ്‍കുട്ടിയുടെ വീടും പരിസരവും 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലായിരിക്കും എന്ന് എസ് പി അറിയിച്ചു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും.
ഇത് സംബന്ധിച്ച് വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അച്ഛനെ കഴിഞ്ഞ ദിവസം വിചാരണ കോടതി വെറുതെ വിട്ട അര്‍ജുന്റെ ബന്ധുവായ പാല്‍രാജ് ആക്രമിച്ചിരുന്നു. പാല്‍രാജിന്റെ ആക്രമണത്തില്‍ പരിക്കേറ്റ അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാല്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആറ് വയസുകാരിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോവുമ്പോള്‍ പാല്‍രാജ് അശ്ലീലം ആംഗ്യം കാണിക്കുകയും ഇത് ചോദ്യം ചെയ്ത ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തി. എന്നാല്‍ സ്വയം രക്ഷക്ക് വേണ്ടിയാണ് കുട്ടിയുടെ അച്ഛനെ കുത്തിയത് എന്നാണ് പാല്‍രാജ് പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ആക്രമണം ആസൂത്രിതമാണ് എന്നാണ് പൊലീസിന്റെ എഫ് ഐ ആര്‍. സംഭവത്തില്‍ പാല്‍രാജിന് എതിരെ വധശ്രമക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പാല്‍രാജ് സംഭവസ്ഥലത്ത് എത്തിയത് എന്നും ആയുധവുമായി എത്തിയ പാല്‍രാജ് മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിയുടെ അച്ഛന്റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലുമാണ് കുത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ സത്രം ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി കഴിഞ്ഞ മാസമാണ് വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയായിരുന്ന അര്‍ജുനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്.
ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കളും അര്‍ജുന്റെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. അതേസമയം അര്‍ജുനെ വിചാരണ കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അപ്പീല്‍ ഈ മാസം 29 ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. 2021 ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications