കനത്ത മഴ; അനധികൃതമായി ഓഫ് റോഡ് ട്രക്കിംഗിന് എത്തിയ 27 വാഹനങ്ങൾ ഇടുക്കിയിലെ മല മുകളിൽ കുടുങ്ങി
താെടുപുഴ: അനധികൃതമായി ട്രക്കിംഗിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഇടുക്കിയിൽ മല മുകളിൽ കുടുങ്ങി. കർണാടകയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ 27 വാഹനങ്ങളാണ് മല മുകളിൽ കുടുങ്ങിയിരിക്കുന്നത്. ഓഫ് റോഡ് ട്രക്കിംഗിന് ആയി എത്തിയവരുടെ വാഹനങ്ങൾ മഴയെ തുടർന്ന് തിരിച്ചിറങ്ങാൻ പറ്റാതെ വന്നതോടെയാണ് അവിടെ കുടുങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കർണാടകയിൽ നിന്ന് വന്ന നൽപ്പതംഗ സംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയിൽ അനധികൃതമായി ട്രെക്കിംഗിന് എത്തിയത്. സംഘം അങ്ങോട്ട് പോകുമ്പോൾ മഴ ഉണ്ടായിരുന്നില്ല. പിന്നാലെ മഴ ശക്തമായതോടെ വാഹനം തിരിച്ചിറക്കാനാകാതെ ട്രക്കിംഗ് സംഘം അവിടെ കുടുങ്ങുകയായിരുന്നു.

തുടർന്ന് വാഹനത്തിൽ ഉണ്ടായവർ നടന്നിറങ്ങി നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു. നാട്ടുകാർ തന്നെ ഇവർക്ക് രാത്രി അടുത്തുള്ള റിസോർട്ടുകളിൽ താമസം ഒരുക്കുകയും ചെയ്തു. വാഹനങ്ങൾ കുടുങ്ങിയ വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മഴക്കാലത്ത് ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തിയ സ്ഥലത്തേക്കാണ് കർണാടകയിൽ നിന്നുള്ള നാൽപ്പതംഗ സഞ്ചാരികൾ എത്തിയത്.
അതേ സമയം കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുകയാണ്. ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് ഉള്ളത്.
നാളെ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതി ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അറബിക്കടലിൽ പുതുതായി രൂപം കൊണ്ട ന്യൂന മർദ്ദ പാത്തിയുടെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജൂലായ് 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയാണ് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നത്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.












Click it and Unblock the Notifications