കമന്റിലൊതുക്കിയില്ല... സ്‌നേഹം ചുരത്താന്‍ സജിനും ഭാവനയും വയനാട്ടിലേക്ക്, പോകുന്നത് പിക്കപ്പില്‍..!
കോഴിക്കോട്: ദുരന്തമുഖത്തെ മലയാളിയുടെ ഒരുമയും ചേര്‍ത്തുപിടിക്കലും ഒരിക്കല്‍ കൂടി വെളിവാകുന്ന സാഹചര്യത്തിലൂടെയാണ് കേരളം ഈ ദിവസങ്ങളില്‍ കടന്ന് പോകുന്നത്. മണ്ണിനടിയില്‍ പ്രിയപ്പെട്ടവരെ നഷ്ടമായിട്ടും രക്ഷാപ്രവര്‍ത്തനത്തിനും ക്യാംപിലെ സേവനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന നിരവധി പേരുണ്ട്. വയനാടിനെയും ദുരിതമനുഭവിക്കുന്ന ജനങ്ങളേയും ചേര്‍ത്തുപിടിക്കാനും സഹായം വാഗ്ദാനം ചെയ്തുമുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
അതിനിടയില്‍ ഇന്നലെ എല്ലാവരുടേയും കണ്ണിലുടക്കിയത് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ആവശ്യമാണെങ്കില്‍ കൊടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞുള്ള ഒരു പോസ്റ്റായിരുന്നു. 'ഞങ്ങള്‍ ഇടുക്കിയില്‍ ആണെങ്കിലും വയനാട്ടില്‍ വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും എന്റെ കുടുംബവും തയ്യാറാണ്. ഞങ്ങള്‍ക്കും ഉണ്ട് കുഞ്ഞുമക്കള്‍', എന്നായിരുന്നു സജിന്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ച കമന്റ്.

എന്നാല്‍ കമന്റിടുക മാത്രമല്ല ഇന്നലെ രാത്രിയില്‍ തന്നെ ഇടുക്കിയില്‍ നിന്ന് വയനാട്ടിലേക്ക് സജിനും കുടുംബവും യാത്ര തിരിക്കുകയും ചെയ്തു. കമന്റിനൊപ്പം സജിന്‍ തന്റെ മൊബൈല്‍ നമ്പറും നല്‍കിയിരുന്നു. ഇതിന് പിന്നാലെ തന്നെ വയനാട്ടില്‍ നിന്ന് വിളിച്ചിരുന്നു എന്നും വേഗം എത്താനാണ് ആവശ്യപ്പെട്ടത് എന്നും സജിന്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്കൊപ്പമാണ് സജിനും ഭാര്യയും യാത്ര തിരിച്ചിരിക്കുന്നത്.
വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുമ്പോള്‍ സജിനും കുടുംബവും തൃശൂര്‍ എത്തിയിട്ടുണ്ടായിരുന്നു. 'വയനാട്ടില്‍ നിന്ന് രണ്ട് തവണ വിളിച്ചിട്ടുണ്ടായിരുന്നു. രണ്ട് കുട്ടികളുണ്ട് എന്ന് പറഞ്ഞാണ് വിളിച്ചത്. ഫേക്കാണോ എന്ന് അറിയില്ല. ഏതായാലും ഞങ്ങള്‍ രാത്രി തന്നെ പുറപ്പെട്ടു. ഇന്ന് രാവിലെയോടെ പുറപ്പെടാം എന്നായിരുന്നു കരുതിയിരുന്നത്,' സജിന്‍ പാറേക്കര വ്യക്തമാക്കി.
എന്നാല്‍ രണ്ട് തവണ ഫോണ്‍ വന്നപ്പോള്‍ ഇന്നലെ രാത്രി 11 മണിയോടെ തന്നെ പുറപ്പെടുകയായിരുന്നു എന്നും ദുരിതബാധിതരെ സാമ്പത്തികമായി സഹായിക്കാനുള്ള മാര്‍ഗമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. 'വാര്‍ത്ത കണ്ടുകൊണ്ടിരുന്നപ്പോള്‍ ഭാര്യക്ക് അങ്ങനെ ചെയ്യാം തോന്നി. അത് എന്നോട് പറയുകയും ചെയ്തു. അങ്ങനെ കമന്റിട്ടതാണ്,' സജിന്‍ പറഞ്ഞു.
തങ്ങളെ കൊണ്ട് പറ്റുന്ന കാര്യം ഇപ്പോള്‍ ഇതേ ഉള്ളൂ എന്നും സജിന്‍ പറഞ്ഞു. ഒരു മകളും മകനുമാണ് സജിനും ഭാവനയ്ക്കും ഉള്ളത്. മകന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭാവന ജന്മം നല്‍കിയത്. മകള്‍ക്ക് നാല് വയസാണ് പ്രായം. പിക്കപ്പ് ഡ്രൈവറായ സജിന്‍, ഇതേ പിക്കപ്പിലാണ് കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. വേറെ വാഹനത്തില്‍ പോകാം എന്ന് കരുതിയാല്‍ സാമ്പത്തിക ചെലവ് കൂടും എന്നും ഇതാകുമ്പോള്‍ ഡീസലടിച്ചാല്‍ മതിയല്ലോ എന്നുമാണ് സജിന്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് ഉപ്പുതുറ മണ്ഡലം പ്രസിഡന്റായിരുന്നു സജിന്‍.












Click it and Unblock the Notifications