ബെംഗളൂരിൽ 1 ബിഎച്ച്കെ ഫ്ലാറ്റിന് 25,000 രൂപ, അമ്പരപ്പ്..അനുഭവം പങ്കുവെച്ച് യുവതി..വൈറൽ
ബെംഗളൂരുവിൽ വാടകയ്ക്ക് വീടെടുക്കാനുള്ള ബുദ്ധിമുട്ട് വിവരിച്ചുകൊണ്ടുള്ള യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. രാജേശ്വരി ഗുപ്ത എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യങ്ങൾ പങ്കുവെച്ചത് എച്ച്എസ്ആർ ലേഔട്ടിൽ തനിക്ക് താങ്ങാനാവുന്ന ഒരു വീട് കണ്ടെത്താൻ ശരിക്കും അലയേണ്ടി വന്നുവെന്ന് യുവതി കുറിപ്പിൽ പറയുന്നു.
രാജേശ്വരിയുടെ വാക്കുകൾ ഇങ്ങനെ-'വീട്ടുടമ എന്നെ ഇറക്കിവിടാൻ 20 ദിവസം ബാക്കിയുള്ളപ്പോഴാണ് ജിമ്മിന് സമീപത്തേക്ക് ഒരു ഫ്ലാറ്റെടുത്ത് മാറാൻ ഞാൻ തീരുമാനിച്ചത്. 15,000 രൂപയായിരുന്നു എൻ്റെ ബജറ്റ്, അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു 1 ബിഎച്ച്കെ ആയിരുന്നു ലക്ഷ്യം. എന്നാൽ, എച്ച്എസ്ആർ ലേഔട്ടിൽ താങ്ങാനാവുന്ന വിലയ്ക്ക് ഒരു ഫ്ലാറ്റ് കണ്ടെത്തുക എന്നത് പ്രതീക്ഷിച്ചതിലും പ്രയാസകരമായിരുന്നു. . അവിടെ ഫ്ളാറ്റുകളുടെ വാടക തുടങ്ങുന്നത് തന്നെ 25,000 രൂപ മുതലാണ്. ഒരു 1 ബിഎച്ച്കെ ഫുള്ളി ഫർണിഷ്ഡാണെങ്കിൽ ഇത് 50,000 രൂപ വരെയാകും,'അവർ പറഞ്ഞു.

ബ്രോക്കർമാരുമായുള്ള ഇടപാടുകളിലെ നിരാശയും രാജേശ്വരി തുറന്നുപറഞ്ഞു. 'ഇതൊരു ന്യായമായ വാടകയാണെന്നാണ് ബ്രോക്കർ പറയുന്നുത്. എന്നാൽ ഞാൻ ബ്രോക്കർമാരെ ഒഴിവാക്കി സ്വന്തമായി വീട് കണ്ടെത്താൻ തീരുമാനിച്ചു. ഞാനിവിടെ എൻ്റെ സ്കൂട്ടറിൽ ബെംഗളൂരുവിലെ കടുത്ത വേനലിൽ, ഒരു മാരത്തൺ പോലെ വീട് നോക്കി കറങ്ങുകയാണ്. എനിക്ക് വേണ്ടത് സൂര്യപ്രകാശവും വായുസഞ്ചാരവും ജീവിക്കാൻ കുറച്ച് പണവുമാണ്',അവർ പറഞ്ഞു.
വീട് കണ്ടെത്തുന്ന പ്രക്രിയ വൈകാരികമായി ഏറെ തളർത്തുന്നതാണെന്ന് അവർ പറഞ്ഞു. 'ബെംഗളൂരുവിൽ വീട് തിരയുകയെന്നത് വൈകാരികമായ ഒരു മുഴുസമയ ജോലിയാണ്. എച്ച്എസ്ആർ ലേഔട്ടിലുള്ളവരെ, നിങ്ങൾ എങ്ങനെയാണ് ഇവിടെ അതിജീവിക്കുന്നത്?എന്നും അവർ ആകാംഷയോടെ ചോദിച്ചു. രാജേശ്വരിയുടെ വീഡിയോ വളരെ പെട്ടെന്നാണ് ഓൺലൈനിൽ വൈറലായത്. ബെംഗളൂരുവിൽ വാടക വീട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിട്ട പലരും രാജേശ്വരിയുടെ വീഡിയോക്ക് കമൻ്റുമായി എത്തി.
'എച്ച്എസ്ആർ ലേഔട്ടിലെ വാടകനിരക്കുകൾ ശരിക്കും ഞെട്ടിക്കുന്നതാണ് എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ബെംഗളൂരുവിൽ വാടക വീടുകൾക്ക് വേണ്ടി നൽകുന്ന ഡിപ്പോസിറ്റുകൾ ഈ ഘട്ടത്തിൽ നിയമവിരുദ്ധമാക്കണം എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഇവിടെ വീട് കണ്ടെത്തുന്നത് നിങ്ങളുടെ പണവും മാനസികാരോഗ്യവും ഇല്ലാതാക്കും എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.












Click it and Unblock the Notifications