പബ്ജി നിരോധനം: രാജ്‌കോട്ടില്‍ പബ്ജി കളിച്ച 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
രാജ്‌ക്കോട്ട്: മള്‍ട്ടിപ്ലെയര്‍ ഗെയിമായി പബ്ജി കളിച്ച 10 പേര്‍ അറസ്റ്റില്‍. ഒരാഴ്ചയ്ക്ക് മുന്‍പ് പുറത്തിറക്കിയ നിരോധന ഉത്തരവിന് ശേഷവും പബ്ജി കളിച്ച 6 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 10 പേരെയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്‌ക്കോട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെയായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. ഇദ്ദേഹമാണ് മാര്‍ച്ച് 6ന് പബ്ജി നിരോധിച്ച് കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.
''ഇവയെല്ലാം ജാമ്യം ലഭിക്കാവുന്ന കേസുകളാണ്. ആളുകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും കനത്ത വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. അതിനാല്‍ പെട്ടെന്നു തന്നെ ജാമ്യം ലഭിക്കും. നിരോധനം ലംഘിച്ചതിനാല്‍ കേസ് കോടതിയില്‍ പോകുമെന്നും വിചാരണയുണ്ടാകുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് അടുത്ത് വെച്ചാണ് ബുധനാഴ്ച മൂന്ന് പേരെ രാജ്‌ക്കോട്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അറസ്റ്റ് ചെയ്തത്. ഞങ്ങളുടെ ടീം ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇവര്‍ പബ്ജി കളിക്കുകയായിരുന്നു. ഐപിസി സെക്ഷന്‍ 188 അനുസരിച്ച് പൊലീസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചുവെന്ന രണ്ടു കേസുകളാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഗുജറാത്ത് പൊലീസ് ആക്ടിലെ നിരോധനം മറികടന്ന് പബ്ജി കളിച്ച 10 പേര്‍ക്കെതിരെ സെക്ഷന്‍ 35 അനുസരിച്ചാണ് രാജ്‌ക്കോട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ രോഹിത്ത് റാവല്‍ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ കുട്ടികള്‍ പബ്ജിക്ക് അടിമകളാണ്, കാരണം ഞങ്ങള്‍ അടുത്തെത്തിയത് പോലും അവര്‍ അറിയുന്നുണ്ടായിരുന്നില്ലെന്നും റാവല്‍ പറയുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്, മറ്റൊരാള്‍ സാധാരണ തൊഴിലാളിയും മൂന്നാമത്തെയാള്‍ തൊഴില്‍ തേടുന്ന ബിരുദധാരിയാണ്. ഇവരുടെ ജാമ്യനടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും റാവല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications