മോദി ആവശ്യപ്പെട്ടു; 10 ബിജെപി എംപിമാര്‍ രാജിവയ്ക്കാന്‍ കാരണം ഇതാണ്; രണ്ട് കേന്ദ്രമന്ത്രിമാരും
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിയുടെ പത്ത് എംപിമാര്‍ രാജിവച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് രാജി. ജനപ്രീതി കണക്കിലെടുത്ത് എംപിമാരെ ബിജെപി നിയമസഭകളിലേക്ക് മല്‍സരിപ്പിച്ചിരുന്നു. ജയിച്ച എംപിമാരാണ് പാര്‍ലമെന്റ് അംഗത്വം രാജിവച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുടെ അഭിപ്രായം കണക്കിലെടുത്താണ് എംപിമാര്‍ രാജിവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിേേപ്പാര്‍ട്ട് ചെയ്യുന്നു. ജെപി നദ്ദയ്‌ക്കൊപ്പം എത്തിയാണ് എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് രാജിക്കത്ത് നല്‍കിയത്. പത്തില്‍ ഒരാള്‍ രാജ്യസഭാംഗമാണ്. ഇദ്ദേഹം രാജ്യസഭാ ചെയര്‍മാന് രാജിക്കത്ത് നല്‍കി.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം ബിജെപിക്ക് ലഭിച്ചിരുന്നു. 12 ബിജെപി എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട്. ഇതില്‍ പത്ത് പേരാണ് ഇപ്പോള്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്. വൈകാതെ മറ്റു രണ്ടുപേരും രാജിവയ്ക്കുമെന്നാണ് വിവരം. അതേസമയം, കേന്ദ്രമന്ത്രി ഫഗ്ഗന്‍ സിങ് കുലസ്‌തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിനാല്‍ അദ്ദേഹം എംപിയായി തുടരും.
നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് പട്ടേല്‍, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, റിതി പഥക് തുടങ്ങിയ എംപിമാര്‍ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് ജയിച്ചത്. രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, കിരോരി ലാല്‍ മീണ എന്നിവര്‍ രാജസ്ഥാനിലും ജനവിധി തേടിയിരുന്നു. അരുണ്‍ സാവോ, ഗോമതി സായ് എന്നിവര്‍ ഛത്തീസ്ഗഡിലാണ് മല്‍സരിച്ച് ജയിച്ചത്. ഇവരെല്ലാം രാജിവച്ചു.
രാജസ്ഥാനില്‍ നിന്നുള്ള എംപി ബാബ ബാലക്‌നാഥ്, ഛത്തീസ്ഗഡില്‍ നിന്ന് ജയിച്ച കേന്ദ്ര ആദിവാസി കാര്യ സഹമന്ത്രി രേണുക സിങ് എന്നിവര്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ല. ഇരുവരും വരും ദിവസം രാജിവച്ചേക്കുമെന്നാണ് സൂചന. നരേന്ദ്ര സിങ് തോമര്‍ കേന്ദ്ര കൃഷി മന്ത്രിയാണ്. പ്രഹ്ലാദ് പട്ടേല്‍ കേന്ദ്ര ഭക്ഷ്യസംസ്‌കരണ വകുപ്പ് സഹമന്ത്രിയും.
മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തുകയാണ് ചെയ്തത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിക്കുകയും ചെയ്തു. മൂന്നിടത്തും പുതുമുഖങ്ങളെ മുഖ്യമന്ത്രിയാക്കുമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഏറെകാലമായി ഈ പദവിയില്‍ തുടരുന്ന വ്യക്തിയാണ്.












Click it and Unblock the Notifications