മൈസൂരുവിൽ കാറും ബസും കൂട്ടിയിടിച്ച് 10 മരണം; 3 പേരുടെ നില അതീവ ഗുരുതരം
മൈസൂരു: മൈസൂരുവിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിൽ പെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മരിച്ച ജനാർദ്ദന (45), ശശികുമാർ (24), പുനീത് (4) എന്നിവരെ തിരിച്ചറിഞ്ഞു. അപകടത്തിൽപ്പെട്ട 3 പേരുടെ നില അതീവ ഗുരുതരമാണ്.
ഇന്ന് ഉച്ചയോടെ കൊല്ലേഗൽ-ടി നരസിപുര സംസ്ഥാനപാതയിലെ കുറുബരുവിലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്നവർ ബെല്ലാരി സ്വദേശികളാണ്. ഇവർ മൈസൂരുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയവരാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെയായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു.പരിക്കേറ്റവരെ മൈസൂരുവിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു. 'കർണ്ണാടകത്തിലെ മൈസൂരുവിലുണ്ടായ ദാരുണമായ അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു', പ്രധാനമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.












Click it and Unblock the Notifications