ഡൽഹിയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 2 പേർ പിടിയിൽ
ഡൽഹി: 10 വയസുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നരേല മേഖലയിലാണ് സംഭവം. പ്രദേശത്തെ ഫാക്ടറിയിലെ തൊഴിലാളികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. കല്ലും ഇഷ്ടികയും ഉപയോഗിച്ച് തല തകർത്ത നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
രാത്രി 12.30 ഓടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വന്നത്. തുടർന്ന് പോലീസ് കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന സെക്ടർ 6 ൽ എത്തി.ഇതിന് പിന്നാലെ തന്നെ സമീപ പ്രദേശത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഡിസിപി രവി കുമാർ സിങ് പറഞ്ഞു.

രാത്രി 9.45 ഓടെ അത്താഴം കഴിഞ്ഞ് മകൾ കളിക്കാൻ പോയതായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. മകൾ തിരികെ വരാതിരുന്നതോടെ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണ് പോലീസിനെ ബന്ധപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി.
അയൽവാസിയായ രാഹുൽ കുട്ടിയുമായി പോകുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞതായും കുട്ടിയുടെ പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ദേവദത്തിനെ കുറിച്ചും ഇയാൾ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം), (പോക്‌സോ) നിയമത്തിലെ സെക്ഷൻ 6 (ഗുരുതരമായ ലൈംഗികാതിക്രമം) എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications