100 കോടിയുടെ അഴിമതി, മുൻ സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് അറസ്റ്റിൽ, വെട്ടിലായി ഡിഎംകെ
100 കോടിയുടെ അഴിമതിക്കേസില്‍ തമിഴ്നാട് മുന്‍ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ അന്പില് മഹേഷ് അറസ്റ്റില്‍. ചെന്നൈ പോലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് അന്പില് മഹേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യ സ്കൂളുകള്‍ക്ക് ലൈസന്‍സും മറ്റ് അനുമതികളും നല്കാന് അഴിമതി നടത്തിയെന്നാണ് കേസ്.
അന്പില് മഹേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. അഴിമതിപ്പണം കണ്ടെത്താന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന പോലീസ് വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പാര്‍ട്ടി ഫണ്ട് എന്ന പേരിലാണ് സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളില്‍ നിന്ന് മുന്‍ മന്ത്രി പണം കൈപ്പറ്റിയത് എന്നാണ് ആരോപണം.
കേസിലെ എഫ്ഐആറില്‍ ഏതാനും കോടികളെന്നാണ് പറയുന്നതെങ്കിലും പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ ഏകദേശം 100 കോടിയുടെ അഴിമതി നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരമാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ അന്പില് മഹേഷ് നിഷേധിച്ചു.

അതേസമയം അന്പില് മഹേഷിന്റെ അറസ്റ്റില്‍ ടിവികെ സര്‍ക്കാരിനെ വിമര്‍ശിച്ച് ഡിഎംകെ രംഗത്ത് വന്നു. രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ ടിവികെ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് ഡിഎംകെ ആരോപിക്കുന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് അറസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തി.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിരുന്ന അന്പില് മഹേഷിനെ അറസ്റ്റ് ചെയ്യുന്നതിലൂടെ സംസ്ഥാനത്തിലെ തകര്‍ന്ന ക്രമസമാധാന നിലയും ഭരണതല അഴിമതിയും അടക്കമുളള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് സ്റ്റാലിന് കുറ്റപ്പെടുത്തി.


Click it and Unblock the Notifications
