ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ മരണത്തില്‍ കശ്മീരില്‍ സംഘര്‍ഷം;17 പേര്‍ മരിച്ചു,200 ഓളം പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനി സുരക്ഷാസേനയുമുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ മരിച്ചു. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 90 ഓളം പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. നിരവധി പോലീസ് സ്‌റ്റേഷനുകള്‍ അക്രമി സംഘം തീയിട്ടു നശിപ്പിച്ചു.
അക്രമത്തെ തുടര്‍ന്ന് സംസ്ഥാനത്ത്ട്രെയിന്‍ സര്‍വ്വീസ് അടക്കമുളളവ തടസ്സപ്പെട്ടു. ശ്രീനഗറിലെ ഏഴു പോലീസ് സ്‌റ്റേഷന്‍ പരിധികളിലും പുല്‍വാമ ജില്ലയിലും അനന്ത് നാഗ്, സോപ്പോര്‍, പുല്‍ഗാം, ഷോപ്പിയാന്‍ എന്നീ നഗരങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമങ്ങള്‍ തടയുന്നതിനായി ഇന്റര്‍നെറ്റ് സേവനങ്ങളും കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു. ഗുല്‍ഗാം ജില്ലയിലെ ബിജെപി ഓഫീസ് ആക്രമികള്‍ തകര്‍ത്തു.

പ്രധാനമായും ഉത്തര കശ്മീരിലെ ജില്ലകളില്‍ വന്‍ അക്രമങ്ങളാണ് ശനിയാഴ്ച്ച അരങ്ങേറിയത്. പല സ്ഥലത്തും പ്രക്ഷോഭ കാരികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ആദില്‍ ബഷീര്‍ എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ടതായി സൂചനയുണ്ടായിരുന്നു. ബര്‍ഹന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി അമര്‍നാഥ് യാത്രയും നിര്‍ത്തിവച്ചു.
അക്രമ സംഭവങ്ങള്‍ തടയുന്നതിനായി കശ്മീരിലേയ്ക്ക് കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അദ്ദേഹം അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സൗത്ത് കശ്മീരിലെ അനന്ത്‌നാഗ് പ്രദേശത്തുവച്ചുണ്ടായ ഏറ്റുമുട്ടലിലാണ് 21 കാരനായ ബര്‍ഹാനെ സുരക്ഷാ സേന ക്രൂരമായി വധിച്ചത്.ബര്‍ഹാന്റെ വധത്തെ അപലപിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പിറക്കിയിട്ടുണ്ട്












Click it and Unblock the Notifications