പോളിയോ തുള്ളി മരുന്നിനു പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍; 12 കുട്ടികള്‍ ആശുപത്രിയില്‍
മുബൈ: മഹാരാഷ്ട്രയിലെ ഒരു പ്രഥാമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിനു പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍. ഏകദേശം 12 കുട്ടികള്‍ക്കെങ്കിലും തുള്ളിമരുന്നിനു പകരം സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മഹാരഷ്ട്ര യവത്മല്‍ ഗാന്ധാജിയിലെ കാപ്സി- കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് നഴ്സുമാരെ ജില്ല ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തു.
ദേശീയ വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി നടന്ന പള്‍സ് പോളിയോ ഉദ്യമം വഴി വാക്സിന് സ്വീകരിക്കാന്‍ ഒന്നു മുതല്‍ അഞ്ച് വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളാണ് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തില്‍ എത്തിയത്. അധികൃതര്‍ നല്കുന്ന വിവരം അനുസരിച്ച് ഇതില്‍ 12 കുട്ടികള്‍ക്കാണ് പോളിയോ വാക്സിന് പകരം സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കിയത്. ഇത് സ്വീകരിച്ച കുട്ടികള്‍ക്ക് തലചുറ്റലും ഛര്‍ദിയും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത് സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഇടയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.
കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കുട്ടികളെ സമീപത്തെ വസന്തറാവു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എല്ലാ കുട്ടികളുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ഒരോരുത്തരുടേയും ആരോഗ്യനില അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും ആശുപത്രി ഡീന്‍ ഡോ.മിലിന്ദ് കാബ്ലെ അറിയിച്ചു.
മാരകമല്ലെങ്കിലും 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ആളുകള്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. നിലവിലെ സംഭവത്തില്‍ അതാണ് ഉണ്ടായിരിക്കുന്നതെന്നാണ് സാനിറ്റൈസിംഗ് ദ്രാവകങ്ങള്‍ ഉള്ളില്‍പ്പോയാലുള്ള പ്രത്യാഘാതങ്ങള്‍ വിവരിച്ച് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ല കലക്ടര്‍ എം ദേവന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം രാത്രിയോടെ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ പരിഷത് സിഇഒ ശ്രീകൃഷ്ണ പഞ്ചല്‍ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും മൂന്ന് നഴ്സുമാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തത്.
വാക്സിന് സമീപം വച്ചിരുന്ന സാനിറ്റൈസര്‍ ബോട്ടില്‍ നഴ്സുമാര്‍ തെറ്റിധരിച്ചാണ് കുട്ടികള്‍ക്ക് നല്‍കിയതെന്നാണ് പഞ്ചല്‍ പറയുന്നത്. വീഴ്ച്ചയുണ്ടായ സാഹചര്യത്തില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കൂടെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.