നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് കോൺഗ്രസ് അധ്യക്ഷരായത് 13 പേർ; പുതിയ അധ്യക്ഷൻ ആര്?
ദില്ലി; 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ നേതൃമാറ്റമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സ്ഥിരം അധ്യക്ഷില്ലാതെ ഇനിയും മു്നനോട്ട് പോകുന്നത് ശരിയല്ലെന്ന കടുത്ത വിമർശനമാണ് നേതാക്കൾ ഉന്നയിക്കുന്നത്. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെങ്കിലും ഇതുവരേയും അദ്ദേഹം ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സോണിയയ്ക്ക് ശേഷം ആര് എന്ന ചോദ്യം ശക്തമായിരിക്കുകയാണ്.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരു അധ്യക്ഷൻ വേണമെന്ന ആവശ്യമാണ്.
കോൺഗ്രസിലെ വിമത കൂട്ടായ്മയായ ജി 23 നേതാക്കൾ ഉയർത്തിയത്. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ മുകുൾ വാസ്നികിന്റെ പേരാണ് നേതാക്കൾ നിർദ്ദേശിക്കുന്നത്. എന്നാൽ ഇതിന് എത്രത്തോളം അംഗീകാരം ലഭിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് 13 പ്രസിഡന്റുമാരായിരുന്നു കോൺഗ്രസിന് ഉണ്ടായിരുന്നത്. ഗാന്ധി കുടുംബത്തിൽ നിന്നും അധ്യക്ഷ സ്ഥാനം വഹിച്ചവർ 5 പേരും. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ് അധ്യക്ഷ സ്ഥാനത്തിരുന്ന ഗാന്ധി കുടുംബാംഗങ്ങൾ.
ജെ ബി കൃപലാനി, ബി പട്ടാഭി സീതാരാമയ്യ, പുരുഷോത്തം ദാസ് ഠണ്ടന്‍, യു എന്‍ ധേബര്‍, എന്‍ സഞ്ജീവ റെഡ്ഡി, കെ കാമരാജ്, എസ് നിജലിംഗപ്പ, ജഗ്ജീവന്‍ റാം, ശങ്കര്‍ ദയാല്‍ ശര്‍മ, ഡി കെ ബറുവ, കെ ബി റെഡ്ഡി, പി വി നരസിംഹ റാവു, സീതാറാം കേസരി എന്നിവരാണ് കോണ്‍ഗ്രസിനെ നയിച്ച നെഹ്റു കുടുംബത്തിന് പുറത്തുള്ളവര്‍. ഗാന്ധി കുടുംബത്തിന് പുറത്ത് അധ്യക്ഷ സ്ഥാനത്തിരുന്ന വ്യക്തി സീതാറാം കേസരിയായിരുന്നു.
1998 ലായിരുന്നു സോണിയ ഗാന്ധി അധ്യക്ഷയായത്. തുടർന്ന് 19 വർഷത്തിന് ശേഷം 2017 ലാണ് കോൺഗ്രസിന് പുതിയ അധ്യക്ഷനുണ്ടാകുന്നത്. അന്ന് സോണിയയിൽ നിന്ന് രാഹുൽ ഗാന്ധിയാണ് അധ്യക്ഷ പദം ഏറ്റെടുത്തത്. എന്നാൽ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജിവെയ്ക്കുകയായിരുന്നു. രാഹുലിനെ തിരികെയത്തിക്കാൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നെഹ്റു കുടുംബത്തില്‍ നിന്ന് പ്രസിഡന്‍റ് വേണ്ടെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. എന്നാൽ ഗാന്ധി കുടുംബാംഗങ്ങൾ തന്നെ അധ്യക്ഷ പദത്തിലിരിക്കണമെന്ന നിലപാട് പാർട്ടിയിൽ ഒരു വിഭാഗം ആവർത്തിച്ചു. ഇതോടെ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയായിരുന്നു.
എന്നാൽ തിരിച്ചടികൾ തുടർക്കഥയാകുമ്പോൾ ഇനിയെങ്കിലും സ്ഥിരം അധ്യക്ഷനെ നിയമിക്കണമെന്ന് പാർട്ടി്യിലെ ഒരു വിഭാഗം നേതാക്കൾ ആവർത്തിക്കുന്നുണ്ട്. രാഹുലിനായി ഒരു വിഭാഗം വീണ്ടും രംഗത്തെത്തുമ്പോൾ ഇനിയും തിരുമാനം വൈകിയാൽ കോൺഗ്രസിന്റെ ഗതി അതീവ ദയനീയമാകുമെന്ന മുന്നറിയിപ്പാണ് മറുവിഭാഗം നൽകുന്നത്. എന്തായാലും ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം കോണ്‍ഗ്രസിന്‍റെ മുന്നോട്ടുള്ള പോക്കില്‍ നിർണായകമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications