മധ്യപ്രദേശില്‍ ബസിന് തീപിടിച്ച് 13 പേർ മരിച്ചു: ഫിറ്റ്നസും ഇന്‍ഷൂറന്‍സും ഇല്ലാത്ത ബസ് ബിജെപി നേതാവിന്റേത്
ഭോപ്പാൽ: മധ്യപ്രദേശില്‍ ബസിന് സ്വകാര്യ ബസിന് തീപിടിച്ച് 13 യാത്രക്കാർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ബസിന് തീപിടിച്ചത്. അപകടത്തില്‍ 18 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരതരമാണ്.
ബി ജെ പി നേതാവ് ധർമേന്ദ്ര സികർവാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ബസിന് ഫിറ്റ്‌നസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളില്ല. 2021 മുതൽ റോഡ് നികുതിയും അടച്ചിട്ടുമില്ല. സംഭവത്തില്‍ നിരവധി പ്രമുഖർ നടുക്കം രേഖപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഇത് ഹൃദയഭേദകമായ സംഭവമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. "ഞാൻ ജില്ലാ കളക്ടറുമായും എസ്പിയുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്." അദ്ദേഹം പറഞ്ഞു. അതിന് ശേഷം മുഖ്യമന്ത്രി ഗുണ സന്ദർശിക്കുകയം ചെയ്തു.

"ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കും. സംഭവത്തില്‍ ഞാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബസിന്റെ പെർമിറ്റിനെ പറ്റിയും അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചും ഞങ്ങൾ അന്വേഷിക്കുന്നു." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നു, ആ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
ഗുണയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ആരോണിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. 30 ഓളം യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. രാത്രി 8.30 ഓടെയാണ് ബസ് ട്രക്കുമായി കൂട്ടിയിടിക്കുന്നത്. കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ് മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
"ബസ് അതിവേഗത്തിൽ ഡമ്പർ ട്രക്കിൽ ഇടിച്ചു. സംഭവസ്ഥലത്ത് നിന്ന് ഞങ്ങൾ 12 മൃതദേഹങ്ങൾ കണ്ടെടുത്തു, പരിക്കേറ്റ 14 യാത്രക്കാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു," ഗുണ പോലീസ് ഉദ്യോഗസ്ഥൻ വിജയ് കുമാർ ഖത്രി പറഞ്ഞു. തീ അണച്ചതിന് ശേഷം ഡ്രൈവറുടേതെന്ന് കരുതുന്ന പതിമൂന്നാമത്തെ മൃതദേഹം കണ്ടെടുത്തു.












Click it and Unblock the Notifications