കെജിഎഫ് കണ്ട് ആവേശം; റോക്കി ഭായിയെ അനുകരിച്ച് ഒരു പാക്കറ്റ് സിഗരറ്റ് വലിച്ച 15 കാരൻ ആശുപത്രിയിൽ
ഹൈദരാബാദ്: റെക്കോർഡ് കളക്ഷൻ നേടിയ കന്നഡ സിനിമയാണ് കെജിഎഫ് 2. വലിയ സ്വീകാര്യതയാണ് കെജിഎഫ് 2 ന് ലഭിച്ചത്. കെജിഎഫ് 2 ഇറങ്ങിയതോടെ യഷിന്റെ ആരാധകരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായി. എന്നാൽ കെജിഎഫ് 2 ലെ യഷിന്റെ കഥാപാത്രത്തിന്റെ കടുത്ത ആരാധകനായ 15 വയസ്സുകാരൻ ചെയ്തുകൂട്ടിയ സാഹസമാണ് ഇപ്പോൾ ചർച്ചയാവുന്നത്. കെജിഎഫ് സിനിമയിലെ യഷിന്റെ കഥാപാത്രമായ റോക്കിഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച പതിനഞ്ചുകാരൻ ആശുപത്രിയിലായി. ഹൈദരാബാദിലാണ് സംഭവം. ഒരു പാക്കറ്റ് സിഗററ്റ് വലിച്ച കുട്ടിയെ കടുത്ത ചുമയും തലവേദനയും തൊണ്ടവേദനയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ കടുത്ത ആരാധകനായ പതിനഞ്ചുകാരൻ രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് സിനിമ കണ്ടത്. ഇത് കണ്ട് ആവേശം കൊണ്ട കുട്ടി റോക്കി ഭായിയെ പോലെ സിഗരറ്റ് വാങ്ങി വലിക്കുകയായിരുന്നു. ഒറ്റയടിക്കാണ് ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചത്. തുടർന്ന്, തൊണ്ടവേദനയും ചുമയും ഉണ്ടാകുകയും ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു.
കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഇക്കാര്യം അറിയില്ലായിരുന്നു. ആദ്യമായിട്ടാണ് മകൻ സിഗരറ്റ് വലിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.


വിദഗ്ധ പരിശോധനയിൽ ശ്വാസകോശത്തിൽ കറ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈവിരലുകളിലും കറയുണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം പതിനഞ്ചുകാരന് പ്രത്യേക കൗൺസിലിങ്ങും നൽകിയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ഇത്തരം കഥാപാത്രാങ്ങൾ കൗമാരക്കാതെ വലിയ തോതിൽ സ്വാധീനിക്കുമെന്നും അതുകൊണ്ട് തന്നെ പുകവലിയും പുകയില ചവയ്ക്കുന്നതും മദ്യപാനവുമെല്ലാം സിനിമകളിൽ മഹത്വവൽക്കരിക്കാതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്തം ചലച്ചിത്ര പ്രവർത്തകർക്കുണ്ടെന്നും പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടർ രോഹിത് റെഡ്ഡി പറയുന്നു. ഹൈദരാബാദിലെ സെഞ്ചുറി ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റാണ് രോഹിത് റെഡ്ഡി.

കൗമാരക്കാരായ കുട്ടികൾ എന്തെല്ലാം ചെയ്യുമെന്ന് മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തെല്ലാമാണ് കുട്ടികളെ സ്വാധീനിക്കാൻ സാധിക്കുമെന്നത് അടക്കം പരിശോധിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അതിന് പുറമെ, കുട്ടികളിൽ പുകയില അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കണമെന്നും നിർദ്ദേശിക്കുന്നു.
അതേസമയം, പുകയില പരസ്യത്തിൽ നിന്നും നേരത്തെ തന്നെ യഷ് പിന്മാറിയിരുന്നു. പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നാണ് യഷ് പിന്മാറിയത്. കോടികൾ വാഗ്ദാനം ചെയ്തുവെങ്കിലും പരസ്യം വേണ്ടെന്നു വെക്കുകയായിരുന്നു. ആരാധകരുടെ താൽപ്പര്യങ്ങളെ മാനിച്ചാണ് യഷ് പരസ്യം വേണ്ടെന്ന് വെച്ചത്.'പാൻ മസാല പോലുളള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ആരാധകരുടെയും ഫോളോവേഴ്സിന്റെയും താൽപ്പര്യങ്ങളെ മാനിച്ച് യഷ് കോടികളുടെ പരസ്യ ഡീലിൽ നിന്ന് ഒഴിവായിരിക്കുകയാണ്. ഈ തീരുമാനത്തിലൂടെ ആരാധകർക്ക് ശരിയായ സന്ദേശമാണ് നൽകുന്നത്. നല്ല ബ്രാൻഡുകൾ വാങ്ങുന്നതിൽ നിങ്ങളുടെ സമയവും പണം ചെലവഴിക്കൂ', എന്നാണ് യഷിന്റെ ഏജൻസി യഷിന്റെ തീരുമാനം അറിയിച്ചുകൊണ്ട് പറഞ്ഞത്.

തെലുങ്ക് താരം അല്ലു അർജുനും പുകിയല ഉത്പന്നങ്ങളുടെ പരസ്യം വേണ്ടെന്ന് വെച്ചിരുന്നു. ബോളിവുഡ് താരം അക്ഷയ് കുമാർ ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് തൊട്ടുപിന്നാലെ തന്നെ അതിൽനിന്നും നിന്ന് പിന്മാറിയിരുന്നു. സംഭവത്തിൽ അക്ഷയ് കുമാർ തന്റെ ആരാധകരോട് ക്ഷമാപണം നടത്തുകയും ചെയ്തു. തനിക് ലഭിച്ച എൻഡോഴ്സ്മെന്റ് തുക നല്ല കാര്യങ്ങളായി ഉപയോഗിക്കുമെന്നാണ് അക്ഷയ് കുമാർ അറിയിച്ചത്.












Click it and Unblock the Notifications