ആഘോഷത്തിനിടയിലും കല്ലുകടി; എഎപിയില്‍ കൂട്ടരാജി, 150 പേര്‍ പാര്‍ട്ടി വിട്ടു
ഗാന്ധിനഗര്‍: പഞ്ചാബില്‍ ഭരണം പിടിച്ച എഎപി ദേശവ്യാപകമായ പ്രചാരണത്തിന് തുടക്കം കുറിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മറിച്ചുള്ള ഒരു വിവരം. എഎപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. നേരത്തെ ഇവര്‍ പാര്‍ട്ടിയില്‍ വഹിച്ച പദവികള്‍ രാജിവച്ചിരുന്നു. ഇന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുകയായിരുന്നു. എഎപിയുടെ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനത്തില്‍ അമിതമായി ഇടപെടുന്നു എന്നാണ് രാജിവച്ചവരുടെ പരാതി. ഗുജറാത്തിലെ എല്ലാ പ്രവര്‍ത്തകരും രാജിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഗുജറാത്തിലെ എഎപിയില്‍ കലഹം രൂക്ഷമാണ്. വിഷയം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആറ് മാസം മുമ്പ് ആനന്ദിലെ പ്രവര്‍ത്തകര്‍ പദവികള്‍ രാജിവച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ടില്ല. തുടര്‍ന്നാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്ന് ഗുജറാത്ത് എഎപിയുടെ കര്‍ഷക വിഭാഗം അധ്യക്ഷന്‍ രവി പട്ടേല്‍ പറഞ്ഞു.

പ്രാദേശിക യൂണിറ്റുകളെ സംസ്ഥാന നേതൃത്വം വിശ്വാസത്തിലെടുത്തില്ല. കര്‍ഷക വിഭാഗത്തെ പിരിച്ചുവിടുകയാണ് അവര്‍ ചെയ്തത്. ആനന്ദ് ജില്ലയിലെ യൂണിറ്റ് മേധാവി ദിപാവലി ഉപാധ്യായയോട് മോശമായി പെരുമാറുകയും ചെയ്തു. എഎപിയില്‍ ചേര്‍ന്നവര്‍ എല്ലാവരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത 12 മാസം പ്രചാരണം നടത്താനാണ് ഞങ്ങളുടെ തീരുമാനം. ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന് രാജിക്കത്തയക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും പട്ടേല്‍ പറഞ്ഞു.
അതേസമയം, മറ്റു പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ എഎപിയില്‍ ചേരുമെന്നണ് കര്‍ണാടകയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എഎപി നേതാവ് പൃഥ്വി റെഡ്ഡിയാണ് ഇക്കാര്യം വിശദീകരിച്ചത്. ആറാഴ്ചക്കകം മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. ഡല്‍ഹിയില്‍ സംഭവിച്ച പോലുള്ള മാറ്റം എല്ലായിടത്തും സാധ്യമാകുമോ എന്നാണ് അവരുടെ ആശങ്ക. എന്നാല്‍ പഞ്ചാബില്‍ എഎപി നേടിയ വിജയം ഇവരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. കര്‍ണടാകത്തിലും ഇനി മാറ്റം വരുമെനനും പൃഥ്വി റെഡ്ഡി പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യത്തിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളെ ഏകദേശം കണ്ടെത്തി കഴിഞ്ഞു. മണ്ഡലത്തിലെ എല്ലാ വീടുകളിലും പ്രചാരണം നടത്താനും ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനും വരുന്ന ഒമ്പത് മാസം ഉപയോഗിക്കണമെന്ന് എഎപി നേതൃത്വം നിര്‍ദിഷ്ട സ്ഥാനാര്‍ഥികളോട് ആവശ്യപ്പെട്ടു. 2018ല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി മല്‍സരിച്ചിരുന്നു. 28 സീറ്റിലാണ് അന്ന് ജനവിധി തേടിയത്. ഒരു സീറ്റിലും ജയിച്ചില്ല എന്ന് മാത്രമല്ല, ആകെ 0.06 ശതമാനം വോട്ട് മാത്രമേ നേടാനനായുള്ളു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപി കര്‍ണാടകത്തില്‍ എവിടെയും മല്‍സരിച്ചിരുന്നില്ല.












Click it and Unblock the Notifications