പത്താം ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കിഡ്‌നാപ്പിംഗ് നാടകവുമായി പെണ്‍കുട്ടി, ആവശ്യപ്പെട്ടത് ഒരുകോടി രൂപ
കൊല്‍ക്കത്ത: പത്താം ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെണ്‍കുട്ടിയുടെ വ്യാജ തട്ടിക്കൊണ്ടുപോകല്‍ നാടകം. പശ്ചിമ ബംഗാളിലെ ബന്ദ്രോണിയിലാണ് സംഭവം. മികച്ച വിജയം നേടുമെന്ന് മാതാപിതാക്കള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനാകാത്തതിനാലാണ് പതിനാറുകാരിയുടെ നാടകം. ആറ് വയസുള്ള സഹോദരിയോടൊപ്പമാണ് കഫേയിലേക്കെന്ന് പറഞ്ഞ് പെണ്‍കുട്ടി പുറത്തേക്ക് പോയത്.
എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ, മാതാപിതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. ഇതോടെ ആശങ്കയിലായ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ ആണ് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയതാണ് എന്നും വിട്ടയയ്ക്കണമെങ്കില്‍ ഒരു കോടി രൂപ മോചന ദ്രവ്യം വേണം എന്നും ഉള്ള സന്ദേശം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്.

പണവുമായി നേപ്പാള്‍ ഗഞ്ച് മേഖലയിലേക്ക് വരാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. അതിനിടയില്‍ ഇവരെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടയില്‍ ലോക്കല്‍ മെട്രോ സ്റ്റേഷനു സമീപം പെണ്‍കുട്ടിയുടെ സ്‌കൂട്ടി കണ്ടെത്തുകയും ചെയ്തു. ഇതോടെ സീല്‍ദാ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇരുവരും കൃഷ്ണനഗര്‍ ലോക്കല്‍ ട്രെയിനില്‍ കയറിയിരിക്കാമെന്ന് പൊലീസ് വിലയിരുത്തി.
റെയില്‍വേ പൊലീസിന്റേയും കൃഷ്ണനഗര്‍ ജില്ലാ പൊലീസിന്റേയും സംയുക്ത നീക്കത്തോടെ കൊല്‍ക്കത്ത പൊലീസ് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പങ്കിട്ടു. താമസിയാതെ, കൃഷ്ണ നഗര്‍ ജില്ലാ പൊലീസ് നാദിയ ജില്ലയിലെ ഡിവൈന്‍ നഴ്സിംഗ് ഹോമിന് മുന്നില്‍ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി. പിന്നീട് ഇവരെ രക്ഷപ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍ വ്യാജമാണ് എന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി പത്താം ക്ലാസ് പരീക്ഷയില്‍ 31% മാര്‍ക്ക് ആണ് ലഭിച്ചിരുന്നത്. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മാതാപിതാക്കളോട് വാഗ്ദാനം ചെയ്‌തെങ്കിലും കഴിഞ്ഞില്ല എന്നും അതിനാലാണ് വീട് വിട്ടിറങ്ങിയത് എന്നും പെണ്‍കുട്ടി പറഞ്ഞു.
പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ പത്താം ക്ലാസ് മാധ്യമിക് പരീക്ഷാ ഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. തെക്കന്‍ കൊല്‍ക്കത്തയിലെ ബാന്ദ്രോണി സ്വദേശിനിയാണ് പെണ്‍കുട്ടി. ഫലം പുറത്തുവന്നതിന് ശേഷം, മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്.












Click it and Unblock the Notifications