16 യൂട്യൂബ് ചാനലുകൾക്ക് രാജ്യത്ത് നിരോധനം, 6 എണ്ണം പാകിസ്താനിൽ നിന്നുളളവ
ദില്ലി: 16 യൂട്യൂബ് ചാനലുകളുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 6 യൂട്യൂബ് ചാനലുകളടക്കം 16 ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടുമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ക്രമസമാധാനവും ദേശസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ദേശ സുരക്ഷാ വിഷയം ഉന്നയിച്ച് രാജ്യത്ത് 18 യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഐടി നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് അടിയന്തര അധികാരങ്ങള്‍ പ്രയോഗിക്കാനുളള അവകാശമുണ്ട്. 2021ലെ ഐടി നിയമത്തിലെ റൂള്‍ 18 പ്രകാരം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങള്‍ പ്രസ്തുത യൂട്യൂബ് ചാനലുകള്‍ ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പാകിസ്താനില്‍ നിന്നുളള 6 യൂട്യൂബ് ചാനലുകള്‍ക്കും ഇന്ത്യയിലെ പത്ത് യൂട്യൂബ് ചാനലുകള്‍ക്കുമായി ആകെ 68 കോടിയില്‍ അധികം കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്.

ഈ യൂട്യൂബ് ചാനലുകള്‍ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്തു എന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ദേശസുരക്ഷയും ഇന്ത്യയുടെ വിദേശ നയം, സാമുദായിക സൗഹൃദം, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ടും ഈ ചാനലുകള്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തുളള ചില യൂട്യൂബ് ചാനലുകള്‍ ഒരു പ്രത്യേക സമുദായത്തെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നതായും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുളള വിവരങ്ങള്‍ പ്രചരിപ്പിച്ചതായും കേന്ദ്രം ആരോപിക്കുന്നു. കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായും ചില പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ട് കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തതായും കേന്ദ്രം ആരോപിക്കുന്നു. പാകിസ്താന്‍ ആസ്ഥാനമായുളള യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചും ജമ്മു കശ്മീരിനെ കുറിച്ചും യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ കുറിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
'ഇതേത് ആസനം'? ചിരിപ്പിച്ച് പാർവ്വതിയുടെ പുതിയ പോസ്, ചിത്രം വൈറൽ












Click it and Unblock the Notifications