'17 കാരിയോട് മോശമായി പെരുമാറി'; ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 കാരിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. സദാശിവനഗർ പോലീസാണ് കേസെടുത്ത്.
ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പം സഹായം ചോദിച്ചെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ തന്നെയാണ് പരാതി നൽകിയത്. പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

കൂട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയതിനെ കുറിച്ച് ചോദിച്ചപ്പോൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കൊണ്ടുപോയതാണെന്നാണ് യെഡിയൂരപ്പ പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. യെഡിയൂരപ്പ പിന്നീട് മാപ്പ് പറയുകയും ഇക്കാര്യം ആരോടും പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും പരാതിയിൽ ഉണ്ട്.
പോക്‌സോ നിയമത്തിലെ സെക്ഷൻ 8 (ലൈംഗിക അതിക്രമം), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 (എ) (ലൈംഗിക പീഡനം) എന്നിവ പ്രകാരമാണ് യെഡിയൂരപ്പയ്ക്കെതിരെ കേസെടുത്തത്.
അതേസമയം കേസിനെ കുറിച്ച് കൂടുതൽ വിശദമാക്കാൻ ആകില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. 'പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സത്യം അറിയുന്നതുവരെ നമുക്ക് ഒന്നും വെളിപ്പെടുത്താൻ കഴിയില്ല. ഇത് വളരെ സെൻസിറ്റീവായ വിഷയമാണ്, കാരണം ഇതിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം', പരമേശ്വര പറഞ്ഞു.
ഇതിൽ രാഷ്ട്രീയ വശമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ആ സ്ത്രീയെ ഞങ്ങൾക്കറിയില്ല. അവർ പോലീസിൽ പോയി പരാതിപ്പെട്ടു. പോലാസ് കേസ് രജിസ്റ്റർ ചെയ്തു' , അദ്ദേഹം വ്യക്തമാക്കി. അതേസമയം യെഡിയൂരപ്പയുടെ ഓഫീസ് വാർത്തകൾ തള്ളിക്കളഞ്ഞു. പരാതിക്കാരി സമാനരീതിയിലുള്ള 56 ഓളം പരാതികൾ നൽകിയത് സംബന്ധിച്ച ലിസ്റ്റും പുറത്തുവിട്ടു.
ബിജെപിയിലെ അതിശക്തനായ നേതാവാണ് ബിഎസ് യെഡിയൂരപ്പ. നാല് തവണ കർണാടകയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. 2007 ലാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രി ആകുന്നത് . 7 ദിവസമായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്നത്. 2008 ലാണ് വീണ്ടും മുഖ്യമന്ത്രിയാകുന്നത്. 2011 വരെ ഭരണത്തിൽ തുടർന്നു. പിന്നീട് 2018 ൽ മുഖ്യമന്ത്രിയായി മൂന്ന് ദിവസമായിരന്നു മുഖ്യമന്ത്രിയായി കഴിഞ്ഞത്. 2019 മുതൽ 2021 വരേയും സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. ഓപ്പറേഷൻ ലോട്ടസ് പയറ്റി കോൺഗ്രസ്-ജെഡിഎസ് എംഎൽമാരെ ചാടിച്ചാണ് യെഡിയൂരപ്പ അധികാരം പിടിച്ചെടുത്തത്.












Click it and Unblock the Notifications