മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം, 48 മണിക്കൂറില്‍ മരിച്ചത് 18 പേര്‍
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മുനിസിപ്പല്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. 48 മണിക്കൂറില്‍ ആശുപത്രിയില്‍ മരിച്ചത് 18 രോഗികളാണ്. ഛത്രപതി ശിവാജി മഹാരാജ് മെമ്മോറിയല്‍ ആശുപത്രിയിലാണ് കൂട്ടമരണമുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് പത്തിന് ഇവിടെ അഞ്ച് രോഗികളാണ് മരിച്ചത്. അതേസമയം മരണത്തില്‍ അനുശോചനം അറിയിച്ച എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ജില്ലാ ഭരണകൂടത്തിനെതിരെ രംഗത്തെത്തി.
യാതൊരു നടപടിയും എടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു ദുരന്തമുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. വളരെ ദൗര്‍ഭാഗ്യകരമാണ്, ജില്ലാ ഭരണകൂടം കഴിവിനൊത്ത് പ്രവര്‍ത്തിച്ചില്ല എന്ന് പറയുന്നത്. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പവാര്‍ ട്വീറ്റ് ചെയ്തു.ഭൂരിഭാഗം രോഗികളും ഐസിയുവില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നവരാണ്. പലവിധ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയവരാണ് രോഗികള്‍. ന്യൂമോണിയ, വൃക്ക രോഗം, വിഷബാധ, റോഡപകടങ്ങള്‍, എന്നിവ സംഭവിച്ചവരെല്ലാം മരിച്ചവരിലുണ്ടെന്ന് താനെ മുനിസിപ്പല്‍ കമ്മീഷണര്‍ അഭിജിത്ത് ബാംഗര്‍ പറഞ്ഞു.

അതേസമയം അന്വേഷണത്തിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ വസ്തുതകള്‍ കണ്ടെത്താന്‍ അവര്‍ സഹായിക്കും. ചികിത്സാ പിഴവുകള്‍ ഉണ്ടായോ എന്നും അവര്‍ അന്വേഷിക്കുമെന്നും മുനിസിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു. രോഗികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി അഭിജിത്ത് ബാംഗര്‍ പറഞ്ഞു. സ്വതന്ത്ര അന്വേഷണ കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ സേവന കമ്മീഷണര്‍ അന്വേഷണ കമ്മിറ്റിക്ക് നേതൃത്വം നല്‍കും.
കളക്ടര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍, എന്നിവരെല്ലാം സമിതിയിലുണ്ടാവും. മരണത്തിന്റെ കാരണങ്ങളെ കുറിച്ചും, അവര്‍ക്ക് മികച്ച ചികിത്സ ലഭിച്ചിരുന്നോ എന്നും ഇവര്‍ പരിശോധിക്കുമെന്നും ബാംഗര്‍ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍ക്കറും സംഭവത്തില്‍ അനുശോചനം അറിയിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. നഷ്ടപരിഹാരം അവരില്‍ നിന്ന് ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശിവാജി മഹാരാജ് ആശുപത്രിയിലെ ഐസിയു കപ്പാസിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള പല രോഗികളെയും ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മരണം സ്വാഭാവികമായി സംഭവിക്കുന്നതാണെങ്കിലോ, രോഗിയുടെ സ്ഥിതി ഗുരുതരമാവുകയോ ചെയ്താല്‍ ഡോക്ടര്‍മാര്‍ക്ക് അത് വെല്ലുവിളിയാണ്. ഒരു രോഗിക്ക് ഏത് ആശുപത്രിയില്‍ വേണമെങ്കിലും പോകാം. എന്നാല്‍ അവര്‍ ഏത് അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തുന്നത് എ ന്നതിനെ ആശ്രയിച്ചാണ് ഡോക്ടര്‍ക്ക് അവരെ രക്ഷിക്കാനുള്ള സാധ്യതയുള്ളത്. കഴിഞ്ഞ ദിവസം വലിയ ജനക്കൂട്ടം ആശുപത്രിയില്‍ എത്തിയിരുന്നു. ഇവരാണ് അധികൃതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.












Click it and Unblock the Notifications