സിഖ് വിരുദ്ധ കലാപക്കേസ്: മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം
ഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടെ സരസ്വതി വിഹാറിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ കോൺഗ്രസ് എം പിയായ സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് വിധി പുറപ്പെടുവിപ്പിച്ചത്. നേരത്തെ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കലാപത്തിൽ സജ്ജൻ കുമാർ ഈ ആൾക്കൂട്ടത്തിന്റെ ഭാഗമാവുക മാത്രമല്ല അവർക്ക് നേതൃത്വം നൽകുകയും ചെയ്തുവെന്നും കോടതി പറഞ്ഞിരുന്നു. കലാപത്തിനിടെ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് പരാമർശിച്ചാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്. വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള വിശ്വാസത്തെയും ഐക്യത്തെയും ബാധിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും അതിനാൽ വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഡൽഹിയിലെ സരസ്വതി വിഹാറിൽ 1984 നവംബർ 1 ന് ജസ്വന്ത് സിംഗ്, മകൻ തരുൺ സിംഗ് എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്തതാണ് കേസ്. അക്രമി സംഘത്തെ നയിച്ചത് സജ്ജൻ കുമാറാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 1991 ൽ സജ്ജൻ കുമാറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എന്നാൽ 3 വർഷത്തിന് ശേഷം തെളിവില്ലെന്ന കാരണത്താൽ കുറ്റപത്രം തള്ളി.
പിന്നീട് 2015 പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും 2016 ൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2021 ൽ ഈ കേസിൽ സജ്ജൻ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹി പാലം കോളനിയിൽ 5 പേർ കൊല്ലപ്പെട്ട കേസിലാണ് ഇതിന് മുൻപ് സജ്ജൻ കുമാറിന് ജീവപര്യന്തം ലഭിച്ചത്. ഇതിനെതിരായ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
1984 ഒക്ടോബർ 31 ന് അന്ന് പ്രധാനമന്ത്രി ആയിരുന്നു ഇന്ദിരാ ഗാന്ധിയെ സിഖ് അംഗരക്ഷകർ വെടിവെച്ച് കൊന്നതിന് തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ പ്രതികാരത്തിന് പകരം ചെയ്യാൻ സായുധരായ ഒരു കൂട്ടം ആളുകൾ സിഖുകാരുടെ സ്വത്ത് വകകൾ വൻതോതിൽ കൊള്ളയടിച്ചെന്നും നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കലാപത്തിനിടെയാണ് ജസ്വന്ത് സിംഗും മകനും കൊല്ലപ്പെട്ടത്. അക്രമികൾ വീട് കൊള്ളയടിക്കുകയും തീ വെയ്ക്കുകയും ചെയ്തു. ജസ്വന്ത് സിംഗിന്റെ ഭാര്യയാണ് പരാതി നൽകിയത്.












Click it and Unblock the Notifications