2 വിമാനങ്ങള്‍, കാറ്റാടിപ്പാടങ്ങൾ.. അനിൽ അംബാനിയുടെ 23100 കോടി മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
പ്രമുഖ വ്യവസായി അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കോടികള്‍ വില വരുന്ന സ്ഥാവര-ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റിലയന്‍സ് ഹോം ഫൈനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫൈനാന്‍സ് ലിമിറ്റഡ് ബാങ്ക് തട്ടിപ്പ് കേസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ബാങ്ക് തട്ടിപ്പ് കേസ് എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.
കണ്ടുകെട്ടിയ സ്വത്ത് വിവരങ്ങള്‍ ഇഡി പുറത്ത് വിട്ടിട്ടുണ്ട്. 2 ചാര്‍ട്ടേഡ് വിമാനങ്ങള്‍, വിവിധയിടങ്ങളിലായി 6 പ്ലോട്ടുകള്‍, മഹാരാഷ്ട്രയിലെ ഓഫീസ്, തമിഴ്‌നാട്ടിലെ രണ്ട് കാറ്റാടിപ്പാടങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.

പിഎംഎൽഎ , ഫെമ നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരം റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആകെ സ്വത്തുക്കളുടെ മൂല്യം 23100 കോടി രൂപയോളം വരും. ഡല്‍ഹി സിബിഐ, ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം, മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എന്നിവ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. ഫെമ നിയമപ്രകാരം രണ്ട് കേസുകളാണ് ഇഡിയുടെ അന്വേഷണത്തിലുളളത്.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഹോം ഫൈനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഷ്യല്‍ ഫൈനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡ്, എന്നീ കമ്പനികളാണ് അന്വേഷണ പരിധിയിലുളളതെന്നും ഇഡി വ്യക്തമാക്കുന്നു. ബാങ്കുകളിൽ നിന്നും സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും പൊതുപണം തട്ടിയെടുക്കൽ, കോർപ്പറേറ്റ് സ്വത്തുക്കൾ സംരക്ഷിക്കാൻ ഐബിസി നിയമം ദുരുപയോഗം ചെയ്യൽ, ഇന്ത്യയിൽ നിന്നുള്ള പൊതുപണം വിദേശ നികുതി കേന്ദ്രങ്ങളിലേക്ക് തിരിമറി നടത്തൽ തുടങ്ങിയ കാര്യങ്ങളിൽ അനിൽ അംബാനി ഗ്രൂപ്പിന് പങ്കുണ്ടെന്ന് ഇഡി ആരോപിച്ചു.


Click it and Unblock the Notifications
