പരീക്ഷണ ഓട്ടത്തില്‍ ഗതിമാന്‍ എക്‌സപ്രസ്സ് തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ആഗ്ര: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസ്സ് അവസാനത്തെ പരീക്ഷണ ഓട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് രണ്‍ഗുട്ട സ്റ്റേഷനില്‍ വെച്ചാണ് അപകടം നടന്നത്.
നഗ്‌ള ജോപുര ഗ്രാമത്തിലെ യോഗേഷ് കുമാര്‍(10), അരവിന്ദ് (8) എന്നീ രണ്ട് കുട്ടികളാണ് മരിച്ചത്. ട്രെയിനിന്റെ പരീക്ഷ ഓട്ടം കാണുവാന്‍ സ്‌കൂളില്‍ നിന്നും തിരിച്ചെത്തി റെയില്‍വ്വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇന്ത്യയിലെ അതിവേഗ ട്രെയിനായി ഓട്ടം തുടങ്ങുന്ന ഗതിമാന്‍ എക്‌സ്പ്രസ്സിന്റെ അവസാനത്തെ പരീക്ഷണ ഓട്ടമായിരുന്നു.

ആഗ്രയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. 110 മിനുട്ടുക്കൊണ്ട് 194.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന പരീക്ഷ ഓട്ടം വിജയകരമായി പൂര്‍ത്തികരിച്ചെങ്കിലും അപകടത്തെ തുടര്‍ന്ന് ആശങ്കകള്‍ കൂടിയിരിക്കുകയാണ്. കുട്ടികളെ ട്രെയിന്‍ തട്ടിയിട്ടും എഞ്ചിന്‍ നിര്‍ത്താന്‍ സാധിക്കാതെ യാത്ര തുടരുകയാണ് ചെയ്തത്. ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് മൃതശരീരം നീക്കം ചെയ്യാന്‍ സാധിച്ചത്.
ഹൈപവര്‍ എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനവും, സ്വയം നിയന്ത്രിത ഫയര്‍ അലാമും ട്രെയിനില്‍ ഉണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. പിന്നീട് എന്ത്‌ക്കൊണ്ട് കുട്ടികളെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയാതെ പോയി എന്നാണ് ഇപ്പോഴത്തെ ചോദ്യം. വിമാനത്തെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് ഗതിമാന്‍ എക്‌സ്പ്രസ്സ് യാത്ര തുടങ്ങാന്‍ പോകുന്നത്. ഇനിയും സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും പ്രാവര്‍ത്തികമായോ എന്ന് കൂടി പരിശോധിക്കാന്‍ ബാക്കിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications