ഐഐടിയിലെ വാര്‍ഷികാഘോഷ പരിപാടിക്കിടെ 3 പെണ്‍കുട്ടികളെ പീഡിപ്പിച്ചു,രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
അര്‍ദ്ധരാത്രിയോടെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പരിപാടി കാണാനെത്തിയ മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.
ഗുവാഹട്ടി: ഗുവാഹട്ടിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഐഐടിയിലെ വാര്‍ഷിക ആഘോഷ പരിപാടിക്കിടെയായിരുന്നു രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.
ഐഐടി സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ കുനാല്‍ കുബാംക്കര്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ അജയ് ദേയ് എന്നിവരെയാണ് അമിങ്‌ഗോണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 4 ശനിയാഴ്ചയായിരുന്നു കോളേജിലെ വാര്‍ഷികാഘോഷ പരിപാടിയായ അല്‍ക്കെരിങ്കെ നടന്നത്. ഇതിനിടെ, അര്‍ദ്ധരാത്രിയോടെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പരിപാടി കാണാനെത്തിയ മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.

വാര്‍ഷിക ആഘോഷം...
ഐഐടി ജി എന്നറിയപ്പെടുന്ന ഗുവാഹട്ടി ഐഐടി ഇന്ത്യയിലെ പ്രമുഖമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. കോളേജില്‍ എല്ലാ വര്‍ഷവും നടക്കുന്ന വാര്‍ഷിക ആഘോഷ പരിപാടിയായ ആല്‍ക്കെരിങ്കെ നടക്കുന്നതിനിടയിലാണ് പീഡനം നടന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനായി ഐഐടിയില്‍ വരാറുണ്ട്. പരിപാടി കാണാനെത്തിയ പെണ്‍കുട്ടികളെയാണ് വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മയക്കു മരുന്ന് നല്‍കി...
മയക്കുമരുന്ന് നല്‍കിയ ശേഷമാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ശീതളപാനീയത്തിലാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതു കുടിച്ച ശേഷം പെണ്‍കുട്ടികള്‍ക്ക് ബോധം നഷ്ടമാവുകയും, ഈ അവസരത്തില്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവ സമയത്ത് തങ്ങളും ലഹരി ഉപയോഗിച്ചിരുന്നതായി പ്രതികളായ വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു.

ആശുപത്രിയിലെത്തിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍...
ഐഐടിയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അവശനിലയില്‍ കണ്ട പെണ്‍കുട്ടികളെ അര്‍ദ്ധരാത്രിയോടെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഐഐടി അധികൃതര്‍ പ്രതികരിച്ചത്. ഇരുപതിനായിരത്തിലേറെ ആളുകള്‍ പരിപാടിക്ക് വന്നിരുന്നുവെന്നും, ഇതിനിടയില്‍ എന്തെല്ലാം നടക്കുന്നുവെന്ന് നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണമെന്നായിരുന്നു അധികൃതരുടെ പ്രതികരണം.

സഹകരിക്കുമെന്ന് ഐഐടി...
സംഭവുമായി ബന്ധപ്പെട്ട് ഐഐടിയിലെ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയിട്ടുണ്ട്. പീഡനം നടന്നതായി അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് പറഞ്ഞ ഐഐടി അധികൃതര്‍ പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. തങ്ങളുടെ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയതായി അറിഞ്ഞു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുള്ള റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications