ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട: 12 പേരെ വധിച്ചു; 2 ജവാന്മാർക്ക് വീരമൃത്യു
ബിജാപൂർ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ ഞായറാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേനാംഗങ്ങള്‍ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. റിസർവ് ഗാർഡ് (ഡി ആർ ജി), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) തുടങ്ങിയ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ സംസ്ഥാനതല സേനകളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ജവാന്മാരെന്ന് ബസ്തർ റേഞ്ചിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പി വ്യക്തമാക്കി.
'ഏറ്റുമുട്ടലില്‍ മറ്റ് രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റാൻ ഹെലികോപ്റ്റർ സജ്ജമാക്കിയിട്ടുണ്ട്' ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 'ഞായറാഴ്ച ഇടയ്ക്കിടെ വെടിവയ്പ്പ് നടന്നു, വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. വെടിവയ്പ്പിൽ ചില നക്സലുകൾ മരിച്ചിരിക്കാൻ സാധ്യതയുണ്ട്. ഞങ്ങളുടെ തിരച്ചിൽ തുടരുകയാണ്.' പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ജനുവരി 12 ന് ഇതേ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മൂന്ന് മാവോയിസ്റ്റുകളെ സേന വെടിവച്ച് കൊന്നിരുന്നു. അബുജ്മദ് വനമേഖലയോട് ചേർന്നുള്ള ദേശീയോദ്യാന പ്രദേശം മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമായിട്ടാണ് കണക്കാക്കുന്നത്. 2,799.08 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നു. 1983 ൽ കടുവാ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച മേഖലയിലാണ് രാജ്യത്ത് തന്നെ മാവോയിസ്റ്റ് പ്രവർത്തനം കൂടുതല്‍ ശക്തമായിരിക്കുന്നത്.
ഈ വർഷം ഇതുവരെ 62 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി നടത്തിയ പോരാട്ടത്തിൽ 11 ജവാൻമാരും വീരമൃത്യു വരിച്ചു. ബിജാപൂരിൽ നിന്നുള്ള അഞ്ച് പേർ ഉൾപ്പെടെ ഒമ്പത് സാധാരണക്കാരേയും ഈ വർഷം മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സംസ്ഥാന പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), അതിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മാവോയിസ്റ്റ് വേട്ട നടന്ന് വരുന്നത്. ഗാരിയാബന്ദ് ജില്ലയിലെ കുലാരിഘട്ട് റിസർവ് വനത്തിൽ ജനുവരി 21 ന് നടന്ന ഏറ്റുമുട്ടലില്‍ രാജ്യത്തെ തന്നെ പ്രമുഖ മാവോയിസ്റ്റ് നേതാവും സംഘടനയുടെ സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവുമായ ചലപതി (ജേറാം) അടക്കമുള്ളവരെ വധിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമായി വിലയിരുത്തുന്നത്.












Click it and Unblock the Notifications