'കർഷകരുടെ മക്കളെ വിവാഹം കഴിച്ചാൽ യുവതികൾക്ക് 2 ലക്ഷം'; വമ്പൻ പ്രഖ്യാപനവുമായി കുമാരസ്വാമി
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ വമ്പൻ പ്രഖ്യാപനവുമായി ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി. കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് കുമാരസ്വാമിയുടെ വാഗ്ദാവം. കോലാറിൽ 'പഞ്ചരത്‌ന' റാലിയിൽ സംസാരിക്കവെയായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം.
കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണമെന്നും കുമാരസ്വാമി പറഞ്ഞു. 'കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയ്യാറല്ലെന്ന ഒരു നിവേദനം തനിക്ക് ലഭിച്ചിരുന്നു. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണം. നമ്മുടെ ആൺകുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനായി അവതരിപ്പിക്കുന്ന പരിപാടികളിൽ ഒന്നാണിത്', കുമാരസ്വാമി പറഞ്ഞു.

അടുത്തിടെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള വിവാഹം കഴിയാത്ത കർഷകരായ യുവാക്കൾ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തിയത് വാർത്തയായിരുന്നു. 200 ഓളം യുവാക്കളാണ് വിവാഹം കഴിക്കാനാവാത്ത ദുഖത്തിൽ 105 കിമി ദൂരത്തുള്ള എംഎം ഹിൽസ് ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തിയത്.
'പുതുതലമുറയ്ക്ക് ലളിത ജീവിതത്തോട് താത്പര്യമില്ല. കാർഷിക മേഖലയുടെ പ്രതാപമൊക്കെ തീർന്നു. പെൺകുട്ടികൾക്ക് നഗരങ്ങളിലേക്ക് ചേക്കാറാനാണ് ഇഷ്ടം, ഇതെല്ലാം പ്രതിസന്ധിക്ക് കാരണമാണെന്നാണ് അന്ന് യുവാക്കൾ പ്രതികരിച്ചത്.
അതേസമയം കർണാടകയിൽ തിരഞ്ഞെടുപ്പ് കളം ചൂട് പിടിക്കുകയാണ്. മെയ് 10 നാണ് നിയമസഭ തിരഞ്ഞെടുപ്പ്. ജെ ഡി എസും കോൺഗ്രസും ബി ജെ പിയും തമ്മിൽ ഇക്കുറിയും ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പുറത്ത് വന്ന സർവ്വേകൾ എല്ലാം തന്നെ കോൺഗ്രസിനാണ് സംസ്ഥാനത്ത് സാധ്യത കൽപ്പിക്കുന്നത്. എന്നിരുന്നാലും ചില സർവ്വേകൾ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇത്തവണയും ജെ ഡി എസ് കിംഗ് മേക്കറയേക്കും.
എന്നാൽ ആരുമായാകും ജെ ഡി എസ് കൈകോർക്കുകയെന്ന ആകാംക്ഷയും ഇതോടെ ഉയരും. കഴിഞ്ഞ തവണ കോൺഗ്രസിനൊപ്പം സഖ്യത്തിൽ ജെ ഡി എസ് അധികാരത്തിലേറിയെങ്കിലും ബിജെപിയുടെ ഓപ്പറേഷൻ താമരയിൽ സർക്കാർ താഴെ വീണിരുന്നു. കോൺഗ്രസിലേയും ജെ ഡി എസിലേയും അതൃപ്തി മുതലെടുത്ത് കൊണ്ടായിരുന്നു ബി ജെ പി ഓപ്പറേഷൻ താമര പയറ്റിയത്. ഇത്തവണ ബി ജെ പിയേയും കോൺഗ്രസിനേയും ഒരുപോലെ കടന്നാക്രമിച്ചാണ് ജെ ഡി എസ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. എന്തൊക്കെ ട്വിസ്റ്റുകൾ കർണാടക രാഷ്ട്രീയത്തിൽ സംഭവിക്കുമെന്നറിയാൽ മെയ് 13 വരെ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications