2000 രൂപാ നോട്ട് കൈയ്യിലുണ്ടോ? മാറ്റിയെടുക്കാന്‍ വഴിയുണ്ട്, 6000 കോടി വിപണിയില്‍ എന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ബാങ്ക് നോട്ടാണ് 2000ത്തിന്റേത്. അതുവരെ ലഭ്യമായിരുന്ന 1000, 500 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച ശേഷമായിരുന്നു 2000ത്തിന്റെ വരവ്. പിന്നീട് പുതിയ 500, 200, 100, 50, 20, 10 നോട്ടുകളെല്ലാം എത്തി വിപണിയില്‍ നിറഞ്ഞു. അധികംവൈകിയില്ല, 2000 നോട്ട് ആര്‍ബിഐ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
2023 മെയ് 19നാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. നോട്ട് കൈവശമുള്ളവര്‍ ഏതെങ്കിലും ബാങ്കുകളില്‍ സമര്‍പ്പിച്ചാല്‍ മാറ്റിക്കൊടുക്കുകയായിരുന്നു ചെയ്തത്. വലിയ തോതില്‍ നോട്ട് കൊണ്ടുവരുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് വരവ് വയ്ക്കുകയും ചെയ്തു. ഇതുവഴി 98 ശതമാനവും തിരിച്ചെത്തി. എന്നാല്‍ ഇപ്പോഴും 6000ത്തില്‍ അധികം കോടിയുടെ 2000 രൂപാ നോട്ടുകള്‍ തിരിച്ചെത്താനുണ്ട് എന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു.

3.56 ലക്ഷം കോടി രൂപയുടെ 2000 നോട്ടായിരുന്നു ഇറക്കിയിരുന്നത്. പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതോടെ വന്‍തോതില്‍ പണം തിരിച്ചെത്തി. 2025 മെയ് 31ലെ കണക്കുകള്‍ പ്രകാരം ഇനി തിരിച്ചെത്താനുള്ള 6181 കോടി രൂപയുടെ 2000 നോട്ടുകളാണ്. അതായത്, ഇത്രയും 2000 നോട്ടുകള്‍ വിപണിയിലുണ്ട്. ഇവ തിരിച്ചുകൊടുത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന പണമാക്കി മാറ്റാന്‍ പറ്റും.
2000 രൂപയുടെ നോട്ട് നിരോധിച്ചിട്ടില്ല. വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് ചെയ്തത്. എങ്കിലും അവ ഉപയോഗിച്ച് വിപണിയില്‍ ഇടപാടുകള്‍ നടക്കില്ല. ബാങ്കുകളിലെത്തി മാറ്റിയെടുക്കുക മാത്രമാണ് പോംവഴി. 2023 ഒക്ടോബര്‍ ഏഴ് വരെ എല്ലാ ബാങ്കുകളിലും നോട്ട് മാറ്റി എടുക്കാമായിരുന്നു. അതിന് ശേഷം തിരഞ്ഞെടുത്ത ആര്‍ബിഐ ഓഫീസുകളില്‍ മാത്രമാണ് നോട്ട് മാറ്റിക്കൊടുക്കുന്നത്.
കേരളത്തില്‍ ഒരു ഓഫീസ് മാത്രം
2000 രൂപാ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമ പിന്‍ബലമുണ്ട്. റിസര്‍വ് ബാങ്ക് അനുമതി നല്‍കിയ 19 ഓഫീസുകള്‍ മാത്രമാണ് ഇനി 2000 രൂപ നോട്ട് സ്വീകരിക്കുക. 2023 ഒക്ടോബര്‍ ഒമ്പത് മുതല്‍ ഈ ഓഫീസുകള്‍ 2000 നോട്ട് സ്വീകരിക്കുന്നുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ഓഫീസുകളില്‍ പണം നല്‍കി മാറ്റിയെടുക്കാം. തുക അവരുടെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റാകും.
അല്ലെങ്കില്‍ 2000 രൂപ നോട്ടുകള്‍ പോസ്റ്റ് ഓഫീസ് വഴി ആര്‍ബിഐ നിശ്ചയിച്ച 19ല്‍ ഏതെങ്കിലും ഓഫീസുകളിലേക്ക് അയക്കാം. തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. സാധാരണ ബാങ്കുകളിലും മറ്റും നിലവില്‍ 2000 രൂപയുടെ നോട്ട് ഇപ്പോള്‍ സ്വീകരിക്കില്ല. കടകളിലും മറ്റും എടുക്കുകയുമില്ല. ആര്‍ബിഐ നിശ്ചയിച്ച 19 ഓഫീസുകളിലേക്ക് അയക്കുക മാത്രമാണ് പരിഹാരം.
ആര്‍ബിഐ നിശ്ചയിച്ച 19 ഓഫീസുകളില്‍ കേരളത്തിലുള്ളത് തിരുവനന്തപുരത്ത് മാത്രമാണ്. അഹമ്മദാബാദ്, ബെംഗളൂരു, ബെലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, പട്‌ന എന്നിവിടങ്ങളിലാണ് മറ്റു ഓഫീസുകള്‍. നോട്ടുകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നയം. പകരം ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കും.












Click it and Unblock the Notifications