സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്രമന്ത്രി ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തമിഴ് പുതുവത്സരദിനത്തിൽ പ്രകടനപത്രിക പുറത്തിറക്കിയത് മംഗളകരമായ കാര്യമാണെന്ന് പ്രകാശന ചടങ്ങിൽ നദ്ദ അഭിപ്രായപ്പെട്ടു.
കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപയും, പ്രതിവർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകളും അടക്കമുളള വാഗ്ദാനങ്ങൾ ബിജെപി പ്രകടന പത്രികയിലുണ്ട്. പൊങ്കൽ, ദീപാവലി, തമിഴ് പുതുവർഷം എന്നീ വിശേഷ ദിവസങ്ങളാണ് പാചകവാതക സിലിണ്ടറുകൾ നൽകുക. നികുതി വർധനയും വർധിച്ചുവരുന്ന ജീവിതച്ചെലവും ലഘൂകരിക്കുന്നതിനായി ഓരോ കുടുംബത്തിനും 10000 രൂപ ഒറ്റത്തവണ സഹായവും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇ-സ്കൂട്ടർ വാങ്ങുന്ന അർഹരായ സ്ത്രീകൾക്ക് 25000 രൂപ സബ്‌സിഡി, ജല്ലിക്കെട്ട് കാളകളെ വളർത്തുന്നവർക്ക് പ്രതിമാസം 2000 രൂപ സഹായം, ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർ മരിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം എന്നിവയും വാഗ്ദാനങ്ങളിലുണ്ട്. ആദ്യമായി വീട് വാങ്ങുന്ന സ്ത്രീകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ 3% ഇളവും, വീട്ടുപകരണങ്ങൾക്കായി 8,000 രൂപയുടെ കൂപ്പണുകളും മറ്റു സഹായ പദ്ധതികളും ബിജെപി പ്രഖ്യാപിച്ചു.

കർഷകർക്കായി 'ഉഴവേ തായ്' പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ പി.എം കിസാൻ സഹായത്തിനു പുറമെ 3000 രൂപ അധികമായി നൽകുമെന്നും ബിജെപി പ്രഖ്യാപിച്ചു. ഇതോടെ കർഷകർക്കുള്ള വാർഷിക സഹായം 9000 രൂപയായി ഉയരും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി സീറോ-എഫ്.ഐ.ആർ. റിപ്പോർട്ടിംഗ്, ഇരകൾക്കും സാക്ഷികൾക്കുമുള്ള സംരക്ഷണ സംവിധാനങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ എന്നിവയും ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
പ്രമുഖ ക്ഷേത്രങ്ങളിൽ പ്രദേശവാസികൾക്കായി ദിവസേന രണ്ട് മണിക്കൂർ പ്രത്യേക ദർശന സൗകര്യം ഏർപ്പെടുത്താനും, തിരുപ്പരൻകുണ്ട്രം കുന്നിൻ മുകളിൽ വിളക്കുകൾ തെളിയിക്കുന്നതുൾപ്പെടെ കാർത്തിക ദീപം ചടങ്ങുകൾ തുടരാനും പ്രകടനപത്രികയിൽ നിർദേശമുണ്ട്.
പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ജെപി നദ്ദ ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ചു. ഡിഎംകെയെ 'കുടുംബവാഴ്ച നടത്തുന്ന പാർട്ടി' എന്ന് വിശേഷിപ്പിച്ച നദ്ദ, സ്ത്രീകൾ, യുവാക്കൾ, കർഷകർ, തൊഴിലാളികൾ എന്നിവരെ സഹായിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8,000-ത്തിലധികം കൊലപാതകങ്ങൾ നടന്നുവെന്നും നിലവിലെ സർക്കാരിന്റെ കീഴിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 56% വർധനവുണ്ടായെന്നും നദ്ദ കുറ്റപ്പെടുത്തി.












Click it and Unblock the Notifications